ദില്ലി:സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോകസാന്പത്തിക ഫോറത്തിന്‍റെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് ദില്ലിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ തിരിച്ചു വന്നതെന്നായിരുന്നു ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോടുള്ള രാഹുലിന്‍റെ ചോദ്യം. സ്വിസ്ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെയത്തിക്കുമെന്ന മോദിയുടെ മുന്‍പ്രസ്താവനകളെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു രാഹുലിന്‍റെ ഈ ചോദ്യം. 

പ്രിയപ്പെട്ട പ്രധാനമന്ത്രി, സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും തിരിച്ചെത്തിയ അങ്ങേയ്ക്ക് സ്വാഗതം. കള്ളപ്പണത്തെക്കുറിച്ചുള്ള താങ്കളുടെ പഴയ വാഗ്ദാനത്തെക്കുറിച്ച് ഒന്ന് ഓര്‍മ്മിപ്പിക്കട്ടെ.... അവിടെ നിന്നും വിമാനത്തില്‍ താങ്കള്‍ എന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് അത്ഭുതത്തോടെ കാത്തിരിക്കുകയാണ്.... രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.