ദില്ലി: ചരിത്രനിമിഷങ്ങള്‍ക്കാണ് ദില്ലി അക്ബര്‍ റോഡിലെ കോണ്ഗ്രസ് ആസ്ഥാനം കാത്തിരിക്കുന്നത്. പുല്‍ ത്തകിടിയില്‍ വിശാലമായ പന്തലിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നാളെ രാവിലെ പത്തരയക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എഐസിസി അദ്ധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറും. തുടര്‍ന്ന് സ്ഥാനമൊഴിയുന്ന അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ പ്രസംഗം. അരമണിക്കൂറിലുള്ളില്‍ ചടങ്ങ്അവസാനിക്കും.

ഈ മാസം അവസാനത്തോടെ പ്രവര്‍ത്തകസമിതി ചേര്‍ന്ന് എഐസിസി പ്ലീനറി സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കും. പ്രവര്‍ത്തകസമിതി പുനസംഘടനയാണ് രാഹുലിനെ കാത്തിരിക്കുന്ന സുപ്രധാന ദൗത്യങ്ങളിലൊന്ന്. പ്രമുഖ പദവികളില്‍ യുവാക്കള നിയോഗിച്ച് കൊണ്ട് എഐസിസി അഴിച്ചുപണി വൈകാതെ പ്രതീക്ഷിക്കാം. യുവതത്വത്തിനൊപ്പം പരിചയസമ്പത്തിനും ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന തലമുറ. 

അതേ സമയം സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ണമായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത്,ഹിമാചല്‍ പ്രദേശ്, കര്‍ണാടക ,മേഘാലയ, നാഗലാന്‍ഡ് ,ത്രിപുര, എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുന്പാണ് രാഹുല്‍ അധികാരമേല്‍ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ ഫലം രാഹുലിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരിക്കും.