തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപാകതകള്‍ പരിഹരിക്കണം. ഉചിതമായ ന്ഷ്ടപരിഹാരം മല്‍സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം . പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ അര്‍ഹമായത് വാങ്ങി നല്‍കാന്‍ ഒപ്പമുണ്ടാകുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. 

കേന്ദ്രത്തില്‍ ഫീഷറിസ് മന്ത്രാലയം വേണം. മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കൃത്യമായ സംവിധാനങ്ങള്‍ വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കൂടെ താനും പാര്‍ട്ടിയും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയുമാണ് രാഹുല്‍ഗാന്ധി ദുരന്ത ബാധിത മേഖലകളിലെത്തിയത് . ദുരിത ബാധിതരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. പൂന്തുറ , വിഴിഞ്ഞം , കന്യാകുമാരിയിലെ ചിന്നത്തുറ തുടങ്ങിയ പ്രദേശങ്ങളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്.