രാജ്യവ്യാപകമായി ആദായനികുതിവകുപ്പ് റെയ്ഡ് തുടരുകയാണ്. ആക്‌സിസ് ബാങ്കിന്റെ അഹമ്മദാബാദ് ശാഖയിലെ സംശയകരമായ അക്കൗണ്ടുകള്‍ വഴി 89 കോടി രൂപയുടെ ഇടപാട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു.

നോട്ട് അസാധുവാക്കിയതിന് ശേഷം ആദായിനികുതി വകുപ്പ് ആക്‌സിസ് ബാങ്കിന്റെ ദില്ലി, നോയിഡ ശാഖകളില്‍ നടത്തിയ റെയ്ഡില്‍ വന്‍തുകയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അഹമ്മദാബാദില്‍ നടത്തിയ റെയ്ഡില്‍ സംശയകരമായ 19  അക്കൗണ്ടുകള്‍ വഴി 89 കോടി രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിരിക്കുന്നത്. നാല് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. കൊടാക് മഹേന്ദ്രബാങ്കിന്റെ ദില്ലി ശാഖയില്‍ നടത്തിയ പരിശോധനയില്‍ 39 കോടി രൂപയുടെ  അനധികൃത ഇടപാടും കണ്ടെത്തിയതായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു. 25 കോടിയുടെ അസാധുനോട്ടുകള്‍ പുതിയനോട്ടുകളാക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്‍ക്കത്തയിലെ വ്യാപാരി പരാസ് മാല്‍ ലോധ മുംബൈയില്‍ ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലായി. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ പുതിയ 2000 രൂപയുടെ രണ്ട് ലക്ഷം കള്ളനോട്ട് പിടികൂടി. രണ്ട് പേര്‍ അറസ്റ്റിലായി. ദില്ലി റെയില്‍വേ സ്റ്റേഷനിലെ ഒരു യാത്രക്കാരനില്‍ നിന്നും 31 ലക്ഷം രൂപയുടെ പഴയ നോട്ടുകളും ഉത്തരാഖണ്ഡില്‍ ഒരു കാറില്‍ നിന്നു ഒമ്പത് ലക്ഷം രൂപയുടെ  പുതിയ നോട്ടും പിടികൂടി.ഇതുവരെ 200ലധികം കേസുകളെടുത്തിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. കര്‍ണ്ണാടകത്തില്‍ 7 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസിലും സംസ്ഥാന അഴിമതിവിരുദ്ധസേന പരിശോധന നടത്തുകയാണ്. കര്‍ണ്ണാടകത്തിലെ ഹൂബ്ലിയില്‍ നിന്നും 29 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ട് പേര്‍ പിടിയിലായി.നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് ഇന്ന് വിശദീകരണം നല്‍കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും യോഗം മാറ്റിവച്ചു.