കൊച്ചിയിലെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറില്‍ മിന്നല്‍ പരിശോധന നടത്തി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. അബ്കാരി നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ താത്ക്കാലികമായി അടച്ചു പൂട്ടി.

തൃപ്പുണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സോഡിയാക്കിന്‍റെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിലായിരുന്നു എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള മിന്നല്‍ റെയ്ഡ്. ലൈസന്‍സ്‌ ചട്ടം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ താത്കാലികമായി അടച്ചുപൂട്ടി. പരിശോധനക്കായി പാര്‍ലറിലെത്തിയ സംഘം പാര്‍സലായി ബിയര്‍ കൊണ്ടു പോകാന്‍ ശ്രമിച്ചവരെ കൈയ്യോടെ പിടികൂടി.ഇവരില്‍ നിന്ന് നാലു കുപ്പി ബിയറും പിടിച്ചെടുത്തു.

നിയമപ്രകാരം ബിയര്‍പാര്‍ലറുകളുകള്‍ക്കുള്ളില്‍ മാത്രമേ ബിയര്‍ നല്‌കാന്‍ പാടുള്ളു. പാര്‍സലായി ബിയര്‍ പാര്‍ലറിന്‌ പുറത്തേക്ക്‌ കൊടുത്തയക്കുന്നത്‌ ചട്ട ലംഘനമാണ്‌. ഇതേ തുടര്‍ന്നാണ് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ താത്ക്കാലികമായി പൂട്ടിയത്. ബിയര്‍ നല്‌കിയ ജിവനക്കാരനെതിരെയും ബിയര്‍പാര്‍ലര്‍ മാനേജര്‍ക്കെതിരെയും കേസ്സെടുത്തു.