റെയില്‍വേ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേകഎജന്‍സി വരുന്നു. ഇതുസംബന്ധിച്ച നി‍ര്‍ദ്ദേശം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വന്നേക്കും.

റെയില്‍വേയ്‌ക്ക് പ്രത്യേകബജറ്റ് എന്ന കീഴവഴക്കം ഈ വര്‍ഷം മുതല്‍ ഇല്ലാതാകുന്നതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കും ചരക്കുകള്‍ക്കുള്ള നിരക്കും നിര്‍ണ്ണയിക്കാന്‍ പ്രത്യേക എജന്‍സി രൂപീകരിക്കുന്നത്. റെയില്‍വേ വികസന അതോറിറ്റി എന്ന പേരിലുള്ള എജന്‍സി കാലാകാലങ്ങളിലെ വരവു ചെലവുകള്‍ നോക്കി നിരക്കുകള്‍ പുനക്രമീകരിക്കുന്നതിനുള്ള ശുപാര്‍ശ നല്‍കും. ചെയര്‍മാനും നാല് അംഗങ്ങളും അതോറിറ്റിക്കുണ്ടാകും. അതോറിറ്റിക്ക് നീതി ആയോഗ് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇക്കാര്യം സംസാരിച്ചു. അടുത്തയാഴ്ചക്കുള്ളില്‍ പുതിയ അതോറിറ്റി എന്ന നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനയ്‍ക്കു വരുമെന്നാണ് സൂചന. നിരക്കു നിര്‍ണ്ണയിക്കാന്‍ റെലുഗേറ്ററി അതോറിറ്റി രൂപീകരിക്കാനായിരുന്നു നേരത്തെ ആലോചിച്ചത്. എന്നാല്‍ ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം വേണം. വികസനഅതോറിറ്റി മന്ത്രിസഭയുടെ അംഗീകാരത്തോടെ രൂപീകരിക്കാന്‍ കഴിയും. ഈ അതോറിറ്റിക്ക് നിരക്കുകള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കാനേ കഴിയൂ. തീരുമാനം റെയില്‍വേബോര്‍ഡായിരിക്കും എടുക്കുക. രാജധാനി ഉള്‍പ്പടെ മൂന്ന് ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്കു വര്‍ദ്ധിക്കുന്ന ഫ്ലെക്‌സി നിരക്കുകള്‍ എര്‍പ്പെടുത്തിയെങ്കിലും വരുമാനത്തില്‍ വലിയ കുറവാണ് ഉണ്ടായത്. പുതിയ അതോറിറ്റി മറ്റ് ഗതാഗതസംവിധാനവുമായി താരതമ്യപ്പെടുത്തിയായിരിക്കും നിരക്ക് നിശ്ചയിക്കുക.