അനുവദിക്കുന്ന പണം ചെലവാക്കാതെ റെയിൽവേ കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചത് 63 കോടി ചെലവാക്കിയത് ഏഴു കോടി മാത്രം

ദില്ലി: സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാത്തതു കൊണ്ടാണ് കേരളത്തിൽ റെയിൽ വികസനം സാധ്യമാകാത്തതെന്ന കേന്ദ്ര സർക്കാർ നിലപാട് പൊളിയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് അനുവദിച്ച തുകയിൽ പത്തിലൊന്നു പോലും റെയിൽവേ ചെലവാക്കിയില്ല.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ 25 പദ്ധതികൾക്കായി 63 കോടി രൂപയാണ് റെയിൽവേ കേരളത്തിന് അനുവദിച്ചത്. ഇതിൽ ഏഴു കോടി രൂപ മാത്രമാണ് ചെലവാക്കിയത്. ട്രാക്കുകളുടെയും പ്ലാറ്റ് ഫോമുകളുടെയും വികസനം, ലേവൽ ക്രോസുകളിൽ അധുനിക ഗതാഗത സംവിധാനം, പാലങ്ങൾ, റോഡുകൾ തുടങ്ങിയവക്കൊക്കെയാണ് തുക അനുവദിച്ചത്. 

ഒന്നിനും സ്ഥലം ഏറ്റെടുത്ത് നൽകേണ്ടതില്ല. തുക വകയിരുത്തിയ പദ്ധതികളിൽ 17 എണ്ണത്തിന് നയാ പൈസ ചെലവാക്കിയില്ല. ബാക്കിയുള്ള പല പദ്ധതികൾക്കെല്ലാമായി ചെലവാക്കിയത് പത്തു ശതമാനത്തിൽ താഴെ തുക മാത്രം. കേരളത്തിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിച്ചതിനാലാണ് പാളങ്ങളുടെ അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് റെയിൽവേയുടെ വിദശീകരണം.

റെയിൽ വേ വികസനത്തിന് ആവശ്യമായ സ്ഥലം സംസ്ഥാനം ഏറ്റെടുത്ത് നൽകാത്തതിനാലാണ് പണികൾ നടത്താത്തതെന്ന് കേന്ദ്രം ആരോപിക്കുന്പോഴാണ് വിവരാവകാശ നിയമ പ്രകാരം കണക്കുകൾ പുറത്തു വരുന്നത്.