മ​ല​പ്പു​റം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ച സംഭവം കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ച സംഭവമാണ്. ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ കെ​സി ഹൗ​സി​ൽ ഷ​മീ​ർ- സു​മ​യ്യ ദമ്പതികളുടെ മ​ക​ൾ മ​റി​യം ആ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വച്ച് മരിച്ചത്.

കുട്ടിയെ തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിക്കാന്‍ രാ​ത്രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തിയ ഇവര്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. തി​ര​ക്കേ​റി​യ ബോ​ഗി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തു നി​ല വ​ഷ​ളാ​ക്കു​മെ​ന്ന​തി​നാ​ൽ പി​ന്നീ​ട് സു​മ​യ്യ കു​ഞ്ഞു​മാ​യി സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​യ​റി.  ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ഓ​രോ കോ​ച്ചി​ൽ​നി​ന്നും ഇവരെ ഇ​റ​ക്കി​വി​ട്ടു. സീ​റ്റി​നും വൈ​ദ്യ​സ​ഹാ​യ​ത്തി​നും വേ​ണ്ടി ആ​വ​ർ​ത്തി​ച്ച് അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ല​ഭി​ച്ചി​ല്ലെ​ന്നും അ​ടു​ത്ത കോ​ച്ചി​ലേ​ക്കു മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​രോ സ്റ്റേ​ഷ​നി​ലും ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നെ​ന്നും കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. 

ഇത്തരം ഒരു അടിയന്തര യാത്ര നടത്തുന്ന സമയത്ത് ശരിക്കും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം ചികിത്സായാത്രകള്‍ക്ക് എമര്‍ജന്‍സി ക്വാട്ട സീറ്റുകള്‍ റെയില്‍വേയില്‍ ലഭ്യമാണ്. കാന്‍സര്‍ രോഗികള്‍ക്കും ഒപ്പമുള്ള ഒരാള്‍ക്കും ഇത്തരം യാത്രയില്‍ റിസര്‍വേഷന്‍ സൌജന്യമാണ്. റിസര്‍വേഷന്‍ ക്ലര്‍ക്കിന് ഇത്തരം ഒരു അവസ്ഥയില്‍ ഡിവിഷന്‍ ഓഫീസിനെ ബന്ധപ്പെട്ട് സീറ്റ് ലഭ്യമാക്കാവുന്നതാണ് എന്നാല്‍ ഈ അപേക്ഷ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പേ വേണം.

ഇത്തരത്തില്‍ സീറ്റ് വേണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഹൃദ്രോഗികള്‍ക്ക് ഇത്തരം ടിക്കറ്റ് റിസര്‍വേഷന് 75 ശതമാനം ഇളവുണ്ട്. എന്നാല്‍ കുറ്റിപ്പുറം സംഭവത്തില്‍ അടിയന്തരയാത്രയ്ക്ക് ഇടയില്‍ സീറ്റ് നല്‍കാന്‍ നിയമപരമായി ടിക്കറ്റ് പരിശോധകന് കഴിയില്ലെന്നാണ് നിയമം പറയുന്നത്. മറ്റ് യാത്രക്കാര്‍ പരാതി പറയുന്നതാണ് ഇതിന് തടസമായി പറയുന്നത്. എന്നാല്‍ സീറ്റ് ഒഴിവുണ്ടോ എന്ന് നോക്കി മാനുഷിക പരിഗണന നല്‍കി സീറ്റ് നല്‍കാന്‍ കഴിയില്ലായിരുന്നോ എന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്.