ദൂരപരിധി കുറച്ചുനല്‍കണമെന്ന് റെയില്‍വേ കീമാന്‍മാര്‍ നിലവില്‍ ദിവസവും നടക്കുന്നത് 8 കിലോമീറ്റര്‍ 3 കിലോമീറ്ററാക്കി കുറയ്ക്കണമെന്ന് ആവശ്യം
ദില്ലി: ദൂരപരിധി കുറയ്ക്കണമെന്ന ആവശ്യവുമായി വീണ്ടും റെയില്വേ കീമാന്മാര് രംഗത്ത്. പാളങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന കീമാന്മാര് ദിവസവും എട്ട് കിലോമീറ്ററാണ് നിലവില് നടക്കുന്നത്. അത് 3 കിലോമീറ്ററായി ചുരുക്കണമെന്നാണ് ഇവര് ആവശ്യപ്പെടുന്നത്. മുമ്പും ഇതേ ആവശ്യം ഇവര് മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും റെയില്വേ ബോര്ഡ് ഇതുവരെ ഈ വിഷയം പരിഗണനയിലെടുത്തിട്ടില്ല.
2.2 ലക്ഷം പേരാണ് ഇന്ത്യന് റെയില്വേയുടെ കീഴില് കീമാന്മാരായി ജോലി ചെയ്യുന്നത്. റെയില് സുരക്ഷ ഉറപ്പു വരുത്തുന്ന ഏറ്റവും അടിത്തട്ടിലുള്ള തൊഴിലാളികളായ കീമാന്മാര് ഏതാണ്ട് 14 കിലോ ഭാരമുള്ള ഉപകരണങ്ങളും ചുമന്നാണ് ദിവസവും കിലോമീറ്ററുകള് നടക്കുന്നത്. റെയില്വേ തൊഴിലാളികളുടെ സംഘടനയായ എന്.എഫ്.ഐ.ആര് ആണ് ഇവര്ക്കുവേണ്ടി റെയില്വേ ബോര്ഡിന് കത്തയച്ചിരിക്കുന്നത്.
സുരക്ഷ ഉറപ്പുവരുത്താനായി ഇത്രയും ദൂരം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടെ അശ്രദ്ധ വരാനുള്ള സാധ്യതകള് കൂടുതലാണെന്നും ദൂരപരിധി കുറയ്ക്കുന്നതോടെ ഈ സാധ്യതകളെ ഇല്ലാതാക്കാമെന്നുമാണ് ഇവര് പറയുന്നത്. ഇക്കഴിഞ്ഞ 22നാണ് എന്.എഫ്.ഐ.ആര് ബോര്ഡിന് കത്തയച്ചത്. മുമ്പ് പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാത്ത ആനുകൂല്യം ഇക്കുറിയെങ്കിലും നടപ്പിലാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
