മറുപടി പ്രസം​ഗം പറയുന്ന വേളയിലാണ് തരൂരിന്റെ വിദേശ ഇം​ഗ്ലീഷ് ഉച്ചാരണം മനസ്സിലാകുന്നില്ലെന്ന് പിയൂഷ് ​ഗോയൽ അഭിപ്രായപ്പെട്ടത്.

ദില്ലി: ശശി തരൂരിന്റെ ഇം​​ഗ്ലീഷ് കഠിനമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ​ഗോയൽ. പല വാക്കുകളും മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇക്കണോമിക് ഒഫൻഡേഴ്സ് ബില്ലിന്റെ ചർച്ചയിലായിരുന്നു പിയൂഷ് ​ഗോയലിന്റെ ഈ അഭിപ്രായം. മോദി സർക്കാരിനെതിരെ ​ഗുരുതരവും രൂക്ഷവുമായ വിമർശനങ്ങളാണ് ശശി തരൂർ ഉന്നയിച്ചത്. മോദി സർക്കാരിന്റെ വാക്കുകളും പ്രവർത്തിയും തമ്മിൽ വൻ അന്തരമുണ്ടെന്ന് ശശി തരൂർ സഭയിൽ ആഞ്ഞടിച്ചു. നീരവ് മോദിയുടെയും നരേന്ദ്രമോദിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ശശി തരൂരിന്റെ ആരോപണം. വിദേശ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ചയാളാണ് നീരവ് മോദി. 

ചർച്ചയിൽ മറുപടി പ്രസം​ഗം പറയുന്ന വേളയിലാണ് തരൂരിന്റെ വിദേശ ഇം​ഗ്ലീഷ് ഉച്ചാരണം മനസ്സിലാകുന്നില്ലെന്ന് പിയൂഷ് ​ഗോയൽ അഭിപ്രായപ്പെട്ടത്. എന്നാൽ കേരളത്തിൽ നിന്നുള്ള ആർഎസ്പി അം​ഗമായി എൻ.കെ. പ്രേമചന്ദ്രൻ ഇതിനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്. ഒരു മന്ത്രി ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലെന്നായിരുന്നു പ്രേമചന്ദ്രന്റെ വാക്കുകൾ. ശശി തരൂരിന്റെ ഇം​ഗ്ലീഷ് പദപ്രയോ​ഗങ്ങൾ മുമ്പും സോഷ്യൽ‌ മീഡിയയിലും മാധ്യമങ്ങളിലും ചർച്ചയ്ക്ക് കാരണമായിത്തീർന്നിട്ടുണ്ട്.