146 പേര്‍ മരിച്ച കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തില്‍ പാക് ചാര സംഘടനയായ ഇന്റര്‍ സെര്‍വ്വീസ് ഇന്റലിജന്‍സിന്റെ പങ്കാണ് വ്യക്തമായിരുന്നതെങ്കില്‍ ആന്ധ്ര ദുരതത്തില്‍ നക്‌സലുകളുടെ ഇടപെടലുണ്ടായേക്കാമെന്ന സൂചനയാണ് പുറത്ത് വരുന്നത്. അപകടം നടന്ന കുനേരു റെയില്‍വേ സ്റ്റേഷന്‍ നക്‌സല്‍ സ്വാധീന മേഖലയാണ്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നക്‌സലുകള്‍ തീവണ്ടി അട്ടിമറി നടത്താനുള്ള സാധ്യത റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തള്ളിക്കളയുന്നില്ല. ഹിരാഖാണ്ഡ് എക്‌സ്പ്രസിന് തൊട്ടുമുന്പ് ഇതേ പാതയിലൂടെ ചരക്ക് തീവണ്ടി സുരക്ഷിതമായി കടന്നുപോയിരുന്നതായും പാളം സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയതാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ലോക്കോ പൈലറ്റ് സ്‌ഫോടന ശബ്ദം കേട്ടതും അട്ടിമറിയിലേക്കാണ് കാര്യങ്ങള്‍ നീക്കുന്നത്.

റെയില്‍ സുരക്ഷയെ കുറിച്ചുള്ള യാത്രക്കാരുടെ ആശങ്കയുടെ ഒടുവിലത്തെ ഉദാഹരണമാണ് ആന്ധ്ര തീവണ്ടി ദുരന്തം. തീവണ്ടി അപകടങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതലുകളെടുക്കുകയാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള റെയില്‍ വികസനത്തിന് പൊതുബജറ്റില്‍ പ്രാമുഖ്യം നല്‍കി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.