പാലക്കാട്: കടുത്ത കുടിവെള്ള ക്ഷാമത്തിന്‍റെ കാലത്ത് നാട്ടുകാരോട് റെയിൽ വേയുടെ ക്രൂരത. ഷൊർണൂർ ഗണേഷഗിരിയിൽ വീട്ടുകിണറുകളേക്കെത്തുന്നത്, റെയിൽ വേ യുടെ വക കക്കൂസ്മാലിന്യം. ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രദേശവാസികൾ ഇതുമുലം നേരിടുന്നത്.
ശീതള പാനീയ സംഭരണിയെന്ന് തെറ്റിദ്ധരിക്കരുത്. ഷൊർണൂർ റെയിൽവേസ്റ്റേഷന് സമീപത്തെ ഗണേശഗിരിയിൽ മൂന്ന് കുടുംബങ്ങൾ ഒരു മാസം മുൻപ് വരെ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറില്‍ നിറയെ മാലിന്യമാണ്. റെയിൽവേ കോളനിയിലെ 300 ക്വാട്ടേഴ്സുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം സംഭരിക്കാൻ ഇവരുടെ വീടിനു സമീപത്ത് അശാസ്ത്രീയമായി നിർമിച്ച ടാങ്ക് മൂലം പ്രദേശത്തെ നിരവധി കിണറുകളാണ് ഉപയോഗ ശൂന്യമായത്.
ഒന്നര മാസം മുൻപാണ് ജനവാസ കേന്ദ്രത്തിൽ ഈ സെപ്റ്റിക് ടാങ്ക് നിർമിച്ചത്. സെപ്റ്റിക് ടാങ്കിൽ നിന്ന് വെള്ളം ശുദ്ധീകരിച്ച ശേഷം എത്തുന്ന ചെറിയടാങ്കിന്‍റെ കാഴ്ചയാണിത്. ശുദ്ധീകരണം പേരിനു പോലും നടക്കുന്നില്ലെന്ന് മൂടിയിട്ടു പോലുമില്ലാത്ത ടാങ്കിന്‍റെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം . പ്രശ്നം ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നര കോടി രൂപ ചിലവിട്ടു നിർമിച്ച ടാങ്ക് ഉപേക്ഷിക്കാനാവാസ്ഥ അവസ്ഥയിലാണ് റെയിൽവ. പരിഹരിച്ച് വരുന്നെന്നാണ് വിശദീകരണം. അതേ സമയം മഴ പെയ്താൽ കൂടുതൽ കിണറുകളിലേക്ക് മാലിന്യമെത്തി പകർച്ചവ്യാധികൾ ഇനിയും പെരുകുമെന്നതിനാൽ കടുത്ത ആശങ്കയിലാണ് പ്രദേശം.
