അയോധ്യ: അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ പുതുക്കി പണിയുമ്പോള്‍ രാമക്ഷേത്രത്തിന്റെ അതേ മാതൃകയിലായിരിക്കുമെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഇതിനുള്ള പദ്ധതി നിര്‍ദേശം റെയില്‍വേ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്‌ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുക്കിപ്പണിയുന്നതടക്കം അയോധ്യ റെയില്‍വെ സ്റ്റേഷനില്‍ 200 കോടിയുടെ നവീകരണ പദ്ധതികള്‍ക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 കോടി രൂപയാണ് അയോധ്യ സ്‌റ്റേഷന്റെ പുനരുദ്ധാരണത്തിനായി മാത്രം ചെലവഴിക്കുന്നത്.

 രാമ ഭക്തര്‍ക്കായി അയോധ്യയെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ സര്‍വീസ് മാതൃകയില്‍ അയോധ്യയില്‍ നിന്നും രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അയോധ്യ സ്റ്റേഷന്റെ നിര്‍മ്മാണം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് തന്നെ ചര്‍ച്ച ചെയ്തിരുന്നതായും റെയില്‍വെ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ രാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.