Asianet News MalayalamAsianet News Malayalam

തെലങ്കാനയിലും ആന്ധ്രയിലും ശക്തമായ മഴ, മരണം പതിമൂന്നായി

Rain
Author
Hyderabad, First Published Sep 24, 2016, 10:25 AM IST

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. ഹൈദരാബാദിലും വിജയവാഡയിലും ശക്തമായ മഴ തുടരുകയാണ്. അതേസമയം ശക്തമായ മഴയില്‍ ഉത്തര കര്‍ണാടകയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.

ഇടവിടാതെ ശക്തമായ മഴയാണ് ആന്ധ്രപ്രദേശിന്റേയും തെലങ്കാനയുടേയും പല ഭാഗങ്ങളിലും പെയ്യുന്നത്. മഴക്കെടുതിയില്‍ വിശാഖപട്ടണത്ത് മൂന്ന് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കെഎല്‍റാവു സാഗര്‍ റിസര്‍വോയറില്‍ വെള്ളം സംഭരണശേഷിയുടെ പരമാവധിയായി. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് കൃഷ്ണനദി തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നുണ്ട്. ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകം നിറഞ്ഞുകവിഞ്ഞു. മിയാപൂര്‍, ബച്ചുപള്ളി, നിസാംപേട്ട് എന്നീ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ഭക്ഷണപൊതികള്‍ എത്തിക്കുന്നുണ്ട്. വെള്ളം കയറി ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിലുള്ളവരെ സൈന്യത്തിന്റെ സഹായത്തോടെ ദേശീയ ദുരന്തനിവാരണ സേന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഇതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് ഉത്തരകര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ, ബീദര്‍ എന്നിവിടങ്ങളില്‍ പല വീടുകളിലും വെള്ളം കയറി. മേഖലയിലെ പല റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലാണ്.

Follow Us:
Download App:
  • android
  • ios