മുംബൈയിൽ മഴ മൂന്നാം ദിവസവും ശക്തം റോഡ് -റെയിൽ ഗതാഗതത്തെ ബാധിച്ചു

മുംബൈ: മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ ജന ജീവിതം ദുസ്സഹമാക്കി. നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ പലയിടത്തും പൂർണമായും നിലച്ചു. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

മുംബൈ തീരത്തിന് മുകളിലൂടെ കടന്നുപോകുന്ന വടക്ക് പടിഞ്ഞാറൻ കാറ്റാണ് മഴ ശക്തമാകാനുള്ള കാരണം. മൂന്നു ദിവസം തുടർച്ചയായി മഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. മുംബൈ സബ് അർബൻ പ്രദേശങ്ങളായ വസായ്, വിരാ‍ർ മേഖലയിൽ മഴക്കെടുതി രൂക്ഷമാണ് ഇവിടെ വീടുകളിൽ വെളളം കയറി. 

റെയിൽവേ സ്റ്റേഷനുകളിലും ട്രാക്കുകളിലും വെള്ളം കയറിയത് ലോക്കൽ ട്രയിൻ ഗതാഗതം മന്ദഗതിയിലാക്കി. നിരവധി ട്രയിനുകൾ റദ്ദാക്കി. നഗരത്തിന്റെ സമീപ ജില്ലകളായ താനെ പാൽഘർ എന്നീ പ്രദേശങ്ങളിലും കൊങ്കൺ മേഖലയുടെ വിവിധ ഇടങ്ങളിലും മഴ ശക്തമാണ്. 

മഴ കണക്കിലെടുത്ത് സ്കുൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 1240.8 മില്ലീ മീറ്റർ മഴയാണ് മുംബൈയിൽ ഇതുവരെ ലഭിച്ചത്. കാലവർഷം ആരംഭിച്ചപ്പോൾ തന്നെ സാധാരണ ലഭിക്കാറുള്ള മഴയുടെ 49 ശതമാനവും ലഭിച്ചു കഴിഞ്ഞു.