Asianet News MalayalamAsianet News Malayalam

ദുരിതമൊഴിയാതെ മധ്യകേരളം; ക്യാമ്പുകളിലുള്ളവര്‍ക്ക് മാത്രമേ സഹായം നല്‍കാനാവൂ എന്ന് അധികൃതര്‍

  • വെള്ളക്കെട്ടിലായ മേഖലകൾ പലതും ഒറ്റപ്പെട്ടിരിക്കുകയാണ്
  • പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മിക്കയിടങ്ങളിലും സൗകര്യമില്ല
rain disaster in kuttanad and several other regions
Author
First Published Jul 21, 2018, 12:46 PM IST

ആലപ്പുഴ: തോരാത്ത മഴയില്‍ വലയുകയാണ് കുട്ടനാടും മദ്ധ്യകേരളത്തിലെ മറ്റ് പ്രദേശങ്ങളും. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങുമ്പോഴും കുടിക്കാന്‍ ശുദ്ധജലം കിട്ടാനില്ല. വീടുകളില്‍ കുടുങ്ങിപ്പോയവരില്‍ പലരും പുറത്തിറങ്ങാനോ സാധനങ്ങള്‍ വാങ്ങാനും പാചകം ചെയ്യാനോ പോലും സാധിക്കുന്നില്ല. കുടിവെള്ളം കിട്ടാത്തതിനാല്‍ മലിനജലം ചൂടാക്കി കുടിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. 

വെള്ളക്കെട്ടിലായ മേഖലകൾ പലതും ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മിക്കയിടങ്ങളിലും സൗകര്യമില്ല. ദുരിതാശ്വാസ ക്യാമ്പുകളിലും ജീവിതം ദുസ്സഹമാണ്. പലയിടങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ജനങ്ങള്‍ തന്നെ സംഘടിച്ചാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതും ഭക്ഷണമുണ്ടാക്കുന്നതും. തകര്‍ന്ന ഗതാഗത സൗകര്യങ്ങൾ പുനസ്ഥാപിക്കാനായില്ല. ഇത്രയും വലിയ ദുരിതം ജനങ്ങള്‍ നേരിടുമ്പോഴും മന്ത്രിമാരും ജനപ്രതിനിധികളും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ മാത്രമാണ് ഇതുവരെ സ്ഥലം സന്ദര്‍ശിച്ചത്.

ഇതിനിടെ സര്‍ക്കാറില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം കിട്ടുന്നതിനും തടസ്സം നേരിടുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർക്ക് മാത്രമേ സഹായം നൽകാനാവൂ എന്ന് അധികൃതര്‍ അറിയിച്ചു. പ്രളയബാധിതരുടെ ദുരിതത്തിന്റെ നേർക്കാഴ്ചയുമായി ഏഷ്യാനെറ്റ് ന്യൂസ് രണ്ടര മണിക്കൂര്‍ നീണ്ട പ്രത്യേക പരിപാടിയില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് അധികൃതരുടെ അനാസ്ഥ പങ്കുവെച്ചത്. 

മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസ്ഥാനത്തെത്തി. മഴക്കെടുതിയില്‍  നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക്  നഷ്ട പരിഹാരം നല്‍കാനുള്ള മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാലാവസ്ഥ കേന്ദ്രം  കണക്കിലെടുക്കണമെന്നും.  1000കോടിയിലേറെ രൂപയുടെ കേന്ദ്രസഹായം  ചോദിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. മാനദണ്ഡം അനുസരിച്ചുള്ള സഹായം നല്‍കുമെന്നാണ് കിരണ്‍ റിജിജു മാധ്യമങ്ങളോട് പറഞ്ഞത്

കാർഷിക മേഖലക്ക് മാത്രമായി 220 കോടി രൂപ സഹായധനം വേണമെന്നാണ് മന്ത്രി വി.എസ് ശിവകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞത്. നിരവധി വീടുകൾക്ക് ഉൾപ്പെടെ മഴക്കെടുതിയിൽ നാശം സംഭവിച്ചുവെന്നും അതുകൊണ്ടുതന്നെ മാനദണ്ഡം മറികടന്നു നഷ്ട പരിഹാരം നൽകാൻ സംസ്ഥാനം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി മഴക്കെടുതിയെ നേരിടണമെന്നാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. 80 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചു. ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താന്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് തോമസ് ചാണ്ടി എംഎല്‍എ പറഞ്ഞു. തന്റെ മൂന്ന് ബോട്ടുകളും 30 ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിക്കുന്നുണ്ടെന്നും ശാരീരിക അവശത മൂലമാണ് നേരിട്ട് ദുരിത ബാധിത മേഖലകളില്‍ എത്താത്തതെന്നും തോമസ് ചാണ്ടി എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തന്റെ വീട്ടിലും വെള്ളം കയറി. എം.എല്‍എ നേരിട്ട് എല്ലാ പഞ്ചായത്തുകളിലും എത്തേണ്ട ആവശ്യമില്ല. വെള്ളം ഇറങ്ങിയ ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് ആവശ്യമായ നഷ്‌ടപരിഹാരം ജനങ്ങള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ താന്‍ പരിശ്രമിക്കുമെന്നും അതാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios