കോട്ടയം: ചെങ്ങളത്തെ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് ആശ്വാസം. മൂന്ന് താല്‍ക്കാലിക ശുചിമുറികള്‍കൂടി ഇവിടെ സ്ഥാപിച്ചു. 154 പേര്‍ ഒരു ശുചിമുറിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞുവന്ന ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്.

കഴിഞ്ഞ അഞ്ച് ദിവസമായി ചെങ്ങളത്തെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലുള്ളവരുടെ അവസ്ഥ ഇങ്ങനെയായിരുന്നു. 69 സ്ത്രീകളുമുള്‍പ്പെട്ട സംഘത്തിന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ 3 ബയോ ശുചിമുറികളെത്തി. ശുചിമുറി മാലിന്യം വെള്ളത്തില്‍ കലരാതിരിക്കാന്‍ ഏറ്റുമാനൂരിലെ മാലിന്യ സംസ്കരണ പ്ലാന്റിലെത്തിച്ച് സംസ്കരിക്കും.

കൂടുതല്‍ ശുചിമുറികള്‍ വരുംദിവസങ്ങളില്‍ ചെങ്ങളത്തെ ക്യാന്പിലേക്ക് എത്തിക്കുമെന്ന് കോട്ടയം ജില്ലാ ഭരണകൂടം വ്യക്തമാക്കി.