ദില്ലി: കടുത്ത വായുമലിനീകരണത്തെ തുടര്‍ന്ന ജീവവായു ശോഷിച്ച ഡല്‍ഹി നഗരത്തിന് നേരിയ ആശ്വാസം. വെള്ളിയാഴ്ച്ചയും ശനിയാഴ്ച പകലും പെയ്ത മഴയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ അന്തരീക്ഷനില അല്‍പം മെച്ചപ്പെട്ടു. 

പടിഞ്ഞാറു നിന്നുള്ള ന്യൂനമര്‍ദ്ദം നീങ്ങിതുടങ്ങിയതോടെയാണ് ഡല്‍ഹിയില്‍ മഴ പെയ്തു തുടങ്ങിയതെന്നും വടക്ക്-പടിഞ്ഞാറു ഭാഗത്തു നിന്നുള്ള കാറ്റ് മണിക്കൂര്‍ 15 കി.മീ വേഗതയിലെത്തിയതോടെ അന്തരീക്ഷം തെളിഞ്ഞു തുടങ്ങിയെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റെ ഡയറക്ടര്‍ മഹേഷ് പല്‍വത് പറയുന്നു. 

വിഷവാതകം നിറഞ്ഞ അന്തരീക്ഷത്തെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗം മഴയാണെന്നും പതുക്കെയാണെങ്കിലും ദിവസങ്ങള്‍ കഴിയും തോറും ഡല്‍ഹിയിലെ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് പല്‍വത് ചൂണ്ടിക്കാട്ടുന്നു.