യുഎഇയിൽ കനത്തമഴ തുടരുന്നു. റോഡ് വ്യോമ ഗതാഗതം രണ്ടാംദിനവും താറുമാറായി. അസ്ഥിരകാലാവസ്ഥ തിങ്കളാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ യുഎഇയില്‍ ലഭിച്ചത്. നാട്ടിലെ കാലവര്‍ഷത്തിനെ ഓര്‍മ്മിപ്പിക്കും വിധം ഇടി മിന്നലോടുകൂടിയായിരുന്നു മഴ. കനത്തമഴയില്‍ ദുബായി ഷാര്‍ജ അബുദാബി വിമാനതാവളങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. കേരളത്തിലേതകർടക്കമുള്ള 54 വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥയില്‍ വൈകി. വെള്ളക്കട്ട് രൂപപെട്ടതിനാല്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കനത്തമഴയില്‍ വടക്കന്‍ എമിറേറ്റുകളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി. പ്രവാസികളില്‍ പലരും അവധിയെടുത്ത് അപൂര്‍വമായെത്തിയ മഴ ആസ്വദിച്ചു.

റാസല്‍ഖൈമയില്‍ മലനിരകളില്‍ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയതോടെ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ജബല്‍ജൈസ് പര്‍വത നിരയിലേക്കുള്ള വഴി പോലീസ് അടച്ചിട്ടു. മഴയില്‍ അബുദാബി, ദുബായി എമിറേറ്റുകളില്‍ നിരവധി വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് തിങ്കളാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും മലനിരകളിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.