സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു പലയിടത്തും വെള്ളക്കെട്ട് താഴ്ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. പലയിടത്തും വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങി. ട്രെയിനുകളുടെ വേഗനിയന്ത്രണം പിൻവലിച്ചു. എന്നാല്‍, ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതികൂല സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെയും പ്രഫഷണൽ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കവാടികള്ക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് , ചെങ്ങന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിനും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമയം എം.ജി സര്‍വകലാശാല ജൂലായ് 19,20 തിയതികളിലായി നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾ പതിവുപോലെ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. എംജി സർവ്വകലാശാല ഇന്നും നാളെയും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലും തിരുവല്ല താലൂക്കിലും പ്രൊഫഷണൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
