''നാനാ പടേക്കറെ വളരക്കാലമായി എനിക്കറിയാം. അയാൾ ഭ്രാന്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആഭാസനാണ്. എന്നാൽ ഇത്തരമൊരു കാര്യം അയാൾ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.'' രാജ് താക്കറേ പറയുന്നു.
അമരാവതി: നടനും ദേശീയ പുരസ്കാര ജേതാവുമായ നാനാ പടേക്കർ ആഭാസനാണെന്ന് തനിക്കറിയാമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറേ. എന്നാൽ ബോളിവുഡ് നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിൽ അദ്ദേഹം നിരപരാധിയാണെന്നും രാജ് താക്കറെ പറയുന്നു.
''നാനാ പടേക്കറെ വളരക്കാലമായി എനിക്കറിയാം. അയാൾ ഭ്രാന്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആഭാസനാണ്. എന്നാൽ ഇത്തരമൊരു കാര്യം അയാൾ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ വിഷയത്തിൽ മാധ്യമങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? മീടൂ വളരെ ഗുരുതരമായ വിഷയമാണ്. എന്നാൽ ട്വിറ്ററിലൂടെ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയല്ല'' അമരാവതിയിൽ നടന്ന ഒരു പരിപാടിയിലാണ് രാജ് താക്കറേ ഇപ്രകാരം പറഞ്ഞത്.
സമൂഹമാധ്യമങ്ങളിൽ സംവാദം നടത്തേണ്ട ഒന്നല്ല ലൈംഗികാരോപണ വിവാദം എന്നും താക്കറേ കൂട്ടിച്ചേർക്കുന്നു. രാജ്യത്തെ മറ്റ് പ്രതിസന്ധികളെ മറച്ച് പിടിക്കാൻ വേണ്ടിയാണ് ഇത്തരം വിഷയങ്ങൾ രൂക്ഷമാക്കുന്നത്. രൂപയുടെ മൂല്യം ഇടിയുകയും പെട്രോളിന്റെ ഡീസലിന്റെയും വില വർദ്ധിക്കുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്യുന്ന അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. ഈ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം.
അതുപോലെ ദുരനുഭവം നേരിട്ട സ്ത്രീകൾ അപ്പോൾത്തന്നെ പ്രതികരിക്കണം. അല്ലാതെ പത്ത് വർഷങ്ങൾക്ക് ശേഷമല്ല പ്രതികരിക്കേണ്ടത്. ഏതെങ്കിലും രീതിയിൽ പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകൾക്ക് സഹായത്തിനായി മഹാരാഷ്ട്ര നവനിർമ്മാൺ സേനയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 2008 ൽ സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ വച്ച് നാനാ പടേക്കർ തന്നെ ലൈംഗികമായി സമീപിച്ചുവെന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം.
