
തിരുവനന്തപുരം: അണികള്‍ക്ക് ആവേശമായി റോഡ് ഷോ നയിച്ചായിരുന്നു സംസ്ഥാനത്തെ ആദ്യ ബിജെപി എംഎല്‍എ. ഒ.രാജഗോപാല്‍ സത്യപ്രതിജ്ഞക്കെത്തിയത്. സഭയില്‍ മുന്‍ നിരയില്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടേയും വിഎസ്സിന്റേയും രാജഗോപാലിന്റെയും ഇരിപ്പിടം. മുഖ്യമന്ത്രി പിണറായി ഓടിനടന്ന് എല്ലാവരോടും കുശലാന്വേഷണം നടത്തി.സ്വാമി വിവേകാന്ദന്റെയും അയ്യങ്കാളിയുടേയും പ്രതിമകളില്‍ പുഷ്പാര്‍ച്ചന. പിന്നെ റോഡ് ഷോ.രക്തസാക്ഷിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി നിയമസഭയുടെ ചരിത്രത്തിലേക്ക് രാജഗോപാല്‍ നടന്നുകയറി. ഒപ്പം ബിജെപി നേതാക്കള്‍ ഗാലറിയിലേക്ക്. താമര വിരിയുന്നത് തടയാന്‍ ആഞ്ഞ് ശ്രമിച്ച ഇടത് വലതുനേതാക്കളെല്ലാം വൈരം മറന്ന് രാജഗോപാലിനെ അഭിനന്ദിച്ചു.
മൂന്ന് മുന്നണികളെയും ഒറ്റക്ക് തോല്‍പ്പിച്ച് പൂഞ്ഞാര്‍ കടന്നെത്തിയ പി സി ജോര്‍ജ്ജ് ആയിരുന്നു ആദ്യ ദിനത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഒപ്പം കൂട്ടിയില്ലെങ്കിലും തോളില്‍ തട്ടി ഭരണപക്ഷം. പഴയ സഹപ്രവര്‍ത്തകനെ അനുമോദിച്ച് യുഡിഎഫ് നേതാക്കള്‍. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഒന്നാമനായി സഭയിലെത്തിയ പിണറായി ഒരാളെ പോലും വിട്ടുപോകാതെ ചിരിച്ചുകൊണ്ട് കുശലം ചോദിച്ചു . ഉപദേശം ചോദിച്ചതാണോ എന്നറിയില്ലെങ്കിലും അല്‍പനേരം വിഎസിനോടും സംസാരം. അംഗബലം നന്നായി കുറഞ്ഞെങ്കിലും പ്രതിപക്ഷനേതാക്കള്‍ എത്തിയത് നല്ല ചിരിയോടെ.
പുതിയ പ്രതിപക്ഷനേതാവിന്റെ മുഖത്ത് കൂടുതല്‍ ചിരി. ഒന്‍പതിന് മുമ്പ് തന്നെ അംഗങ്ങള്‍ എത്തിത്തുടങ്ങി. പതിനഞ്ച് മിനുട്ടോളം വൈകിയശേഷമായിരുന്നു ചവറ വിജയന്‍പിള്ളയുടെ വരവ്. ട്രഷറി ബഞ്ചില്‍ ഒന്നാമനായി പിണറായി. തൊട്ടടുത്ത് ഇ.പി. ജയരാജന്‍, പിന്നെ ഘടകകക്ഷി മന്ത്രിമാര്‍, എകെ.ബാലന് ശേഷം വിഎസ്.പിന്നെ ഗണേഷും ചവറ വിജയന്‍പിള്ളയും അടുത്ത് രാജഗോപാല്‍ അതിനടുത്ത് ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവിന്റെ സീറ്റില്‍ ചെന്നിത്തല.
സ്വതന്ത്രനായ പിസി ജോര്‍ജിന്റെ സ്ഥാനം പിന്‍നിരയില്‍ സ്‌പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം സീറ്റുകളില്‍ ചെറിയമാറ്റം വന്നേക്കും. സഭയിലെ ബേബി മുഹ്സിനും നടന്‍ മുകേഷും മാധ്യമലോകം വിട്ടെത്തിയ വീണാ ജോര്‍ജ്ജും ആദ്യ ദിനത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു.
