ചെന്നൈ: സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണം എന്നാവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയില്‍ ആരാധകരുടെ പൊതുസമ്മേളനം. രജനീകാന്തിന്റെ സുഹൃത്തും ഗാന്ധിയ മക്കള്‍ ഇയക്കം നേതാവുമായ തമിഴരുവി മണിയനാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. ഞാന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തിലിറങ്ങുമെന്നാണെന്ന് രജസികാന്ത് ചിരിച്ചുകൊണ്ട് തന്നോട് പറഞ്ഞതെന്ന് തമിഴരുവി മണിയന്‍ പറഞ്ഞു.
തിരുച്ചിറപ്പള്ളിയിലെ ഉഴവര്‍ സന്ധൈ മൈതാനത്ത് ആയിരക്കണക്കിന് ആരാധകരാണ് രജനീകാന്തിന്റെ ചിത്രം പതിച്ച പതാകകളുമേന്തി സമ്മേളനത്തിനെത്തിയത്. രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആരാധകരെ അണി നിരത്തി ആവശ്യപ്പെടാന്‍ അദ്ദേഹത്തിന്റെ സുഹൃത്തും ഗാന്ധിയ മക്കള്‍ ഇയക്കം എന്ന സംഘടനയുടെ നേതാവുമായ തമിഴരുവി മണിയനാണ് സമ്മേളനം സംഘടിപ്പിച്ചത്. രജനീകാന്തിന്റെ മുത്തു എന്ന ചിത്രത്തിലെ ഗാനത്തോടെ തുടങ്ങിയ സമ്മേളനത്തില്‍ പ്രസംഗിച്ച തമിഴരുവി മണിയന്‍ ഉടന്‍ നല്ല വാര്‍ത്ത കേള്‍ക്കാമെന്നാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ മെയ് മാസത്തില്‍ ആരാധകരെ ചെന്നൈയില്‍ നേരിട്ടു കാണാനെത്തിയ രജനീകാന്ത് തമിഴ്‌നാട്ടിലെ രാഷ്ട്രീയസംവിധാനം തകിടം മറിഞ്ഞിരിയ്ക്കുകയാണെന്നും, ദൈവം വിചാരിക്കുകയാണെങ്കില്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ മരണശേഷമുള്ള തമിഴ്‌രാഷ്ട്രീയത്തിലെ ശൂന്യത മുതലെടുക്കാന്‍ രജനീകാന്ത് ശ്രമിയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ ഇനി എപ്പോഴാകും പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനമുണ്ടാകുക എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍.
അഭ്യൂഹങ്ങള്‍ അതിരുവിട്ടതോടെ അനാവശ്യപ്രസ്താവനകള്‍ നടത്തുന്ന ആരാധകസംഘത്തിലുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് രജനീകാന്ത് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ അതിനെ മറികടന്ന് തിരുച്ചിറപ്പള്ളിയില്‍ ഇത്തരമൊരു പരിപാടി നടത്തുന്നത് രജനീകാന്തിന്റെ അറിവോടെ തന്നെയാണെന്നും, അണികളുടെ വികാരമറിയാന്‍ രജനീകാന്ത് ശ്രമിയ്ക്കുകയാണെന്നും വിലയിരുത്തലുണ്ട്.
