ദില്ലി: രാജസ്ഥാനിൽ ലൗ ജിഹാദിന്‍റെ പേരിൽ മധ്യവയസ്കനെ തീ കൊളുത്തി കൊന്ന കേസിൽ കൊലപാതക കാരണത്തെക്കുറിച്ച് അവ്യക്തത തുടരുന്നു.കൊലപാതകം നടത്തിയത് ഗ്രാമത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിനാണെന്ന് അറസ്റ്റലായ ശംഭുലാൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. കൊല്ലപ്പെട്ട അഫ്രസുളിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.
തന്‍റെ ഗ്രാമത്തിലെ പെൺകുട്ടിയെ അഫ്രസുൾ പ്രണയം നടിച്ച് വശത്താക്കിയെന്നും ഇത് ചോദ്യം ചെയ്ത് പെൺകുട്ടിയെ തിരിച്ചു കൊണ്ടു വന്ന തനിക്ക് വധ ഭീഷണിയുണ്ടായിരുന്നെന്നും കോടതിയിൽ നിന്ന് പുറത്തു കൊണ്ടു പോകവെ ശംഭുലാൽ മാധ്യമങ്ങളോട് പറഞ്ഞു .
എന്നാൽ ശംഭുലാൽ പറയുന്ന സംഭവവുമായി അഫസ്രുളിന് യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത് . തൊഴിൽ രഹിതനായ ശംഭുലാൽ സ്ഥിരമായി മുസ്ലീം വിരുദ്ധ വീഡിയോകൾ കാണുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
കോടതി ഇയാളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് .വീഡിയോയുടെ പ്രചരണം തടയാൻ ജില്ലയിൽ ഇന്‍റെർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു . മൂത്തമകളുടെ വിവാഹത്തിനായി മാസാവസാനം നാട്ടിലേക്ക് പോകാനൊരുങ്ങവെയാണ് അഫസ്രുൾ ക്രൂരമായി കൊലചെയ്യപ്പട്ടത് . അഫ്രസുളിന്‍റെ കുടുംബത്തിന് ബംഗാൾ സർക്കാർ മൂന്നു ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുബത്തിലൊരാൾക്ക് സര്‍ക്കാര്‍ ജോലിയും നൽകും
