ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ രാജസ്ഥാന് നേട്ടം

ജയ്‍പൂര്‍: രാജ്യത്ത് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടത്തുന്ന സംസ്ഥാനം രാജസ്ഥാനെന്ന് നീതി ആയോഗ്. കേരളം പോലെ അനേകം മഴ ലഭ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളെ മറികടന്നാണ് രാജസ്ഥാന്‍ ജല സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മഴ ലഭ്യത കുറവുളളതും, താര്‍ മരുഭൂമിയും അനേകം മരു പ്രദേശങ്ങളുള്ളതുമായ രാജസ്ഥാന്‍റെ ഈ നേട്ടം അസൂയാവഹമാണ്.

രാജസ്ഥാന്‍റെ ജലസേചന സംവിധാനങ്ങളുടെ വളര്‍ച്ച 81 ശതമാനമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനത്തെ ഭൂഗര്‍ഭ ജല പരിധി 21 സംസ്ഥാനങ്ങളില്‍ 5 അടി വരെ ഉയര്‍ന്നു. മാത്രമല്ല ടാങ്കറുകളിലൂടെയുളള ജല വിതരണം 56 ശതമാനം കുറയ്ക്കാനും സംസ്ഥാന സര്‍ക്കാരിനായിട്ടുണ്ടെന്നും നീതി ആയോഗ് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൊത്തം നാല് ലക്ഷം ജല സംരക്ഷണ കിയോസ്കുകളും നിര്‍മ്മിതികളുമാണ് സംസ്ഥാനത്ത് രാജസ്ഥാന് സ്ഥാപിക്കാനായത്. ഇത് കൂടാതെ 1.5 മില്യണ്‍ ജല പ്ലാന്‍റോഷനുകളും രാജസ്ഥാനില്‍ വികസിപ്പിച്ചെടുത്തു.

സംസ്ഥാന സര്‍ക്കാരിനോട് രാജസ്ഥാന്‍ ജനത ആത്മാര്‍ത്ഥമായി സഹകരിച്ചതിന്‍റെ ഫലമായാണ് ഈ നേട്ടം സംസ്ഥാനത്തിന് കൈവരിക്കാനായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാനിലെ വസുന്ധരരാജ സിന്ധ്യ സര്‍ക്കാരിന്‍റെ ജല സംരക്ഷണ പദ്ധതിയായ ജല് സ്വവാലംബാന്‍ അഭിയാന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സംസ്ഥാനത്ത് ലഭിച്ചത്.