രണ്ട് മാസത്തേക്ക് വിടിനകത്ത് ചങ്ങലയില്‍ ബന്ധിച്ച് ഇടാനായിരുന്നു ഖാപ് പഞ്ചായത്തിന്‍റെ തീരുമാനം. 45 ദിവസം ഇങ്ങനെ ബന്ധനസ്ഥനയായ മനോഹറിനെ പൊലീസെത്തിയാണ് ഒടുവില്‍ രക്ഷിച്ചത്. അതും മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍. ജിഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറവു വില്ലേജിലാണ് സംഭവം നടന്നത്

ജയ്പൂര്‍: സ്വാതന്ത്യം നേടി പരിപൂര്‍ണ നിയമവ്യവസ്ഥയുള്ള രാജ്യമായി മാറിക്കഴിഞ്ഞിട്ട് ഏഴ് ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴാണ് രാജസ്ഥാനില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഖാപ് പഞ്ചായത്തുകളുടെ നീതി നിര്‍വ്വഹണം എങ്ങനെയാണെന്നതിന്‍റെ ഉദാഹരണം കൂടിയാണ് സംഭവം. ബാര്‍മര്‍ മേഖലയിലുള്ള യുവാവ്, വിവാഹിതയായ സ്ത്രീയുമായി ഒളിച്ചോടിയതിന് ഖാപ് പഞ്ചായത്ത് വിധിച്ച ശിക്ഷ വിചിത്രമായിരുന്നു.

രണ്ട് മാസത്തേക്ക് വിടിനകത്ത് ചങ്ങലയില്‍ ബന്ധിച്ച് ഇടാനായിരുന്നു ഖാപ് പഞ്ചായത്തിന്‍റെ തീരുമാനം. 45 ദിവസം ഇങ്ങനെ ബന്ധനസ്ഥനയായ മനോഹറിനെ പൊലീസെത്തിയാണ് ഒടുവില്‍ രക്ഷിച്ചത്. അതും മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍. ജിഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറവു വില്ലേജിലാണ് സംഭവം നടന്നത്.

മനോഹറും വിവാഹിതയായ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഒളിച്ചോടി. മുംബൈയില്‍ വച്ച് പിടിയിലായ ഇവരെ നാട്ടിലെത്തിച്ചു. സ്ത്രീയെ അവരുടെ വീട്ടുകാരെ എല്‍പ്പിച്ച ശേഷമായിരുന്നു മനോഹറിനെ ശിക്ഷിക്കാന്‍ ഖാപ് പഞ്ചായത്ത് തീരുമാനിച്ചത്. രണ്ട് മാസത്തേക്ക് ചങ്ങലയ്ക്കിടാനുള്ള ഖാപ് പഞ്ചായത്തിന്‍റെ തീരുമാനം മനോഹറിന്‍റെ കുടുംബം അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മനുഷ്യാവകാശകമ്മീഷന്‍ സംഭവം അറിഞ്ഞത്. മനോഹറിനെ മോചിപ്പിക്കണമെന്ന് കമ്മീഷന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.