ജയ്പുര്‍: റോഡരികില്‍ മൂത്രമൊഴിച്ച രാജസ്ഥാന്‍ ആരോഗ്യമന്ത്രി കാളിചരണ്‍ സറഫ് വിവാദത്തില്‍. റോഡില്‍ കാര്‍ നിര്‍ത്തി മതിലിലേക്ക് മൂത്രമൊഴിക്കുന്ന കാളിചരണ്‍ സറഫിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

സംഭവത്തില്‍ പ്രതികരണം തേടി മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയെങ്കിലും ഇതൊന്നും അത്ര വിഷയമാക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. നിയമമനുസരിച്ച് റോഡരികില്‍ മൂത്രമൊഴിക്കുന്നത് 200 രൂപ പിഴ ഒടുക്കേണ്ട ശിക്ഷയാണ്. 

ഇതാദ്യമായല്ല മന്ത്രി ഈ പണി ചെയ്യുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അര്‍ച്ചന ശര്‍മ പറഞ്ഞു. ധോല്‍പുര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്തും മന്ത്രി ഇതേ പ്രവൃത്തി ചെയ്തിരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. 

സ്വച്ഛ് ഭാരത് പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ വന്‍തോതില്‍ പണം ചിലവഴിക്കുന്ന ഈ സമയത്ത് ഇത്തരം പ്രവൃത്തികളിലൂടെ തെറ്റായ ഒരു സന്ദേശമാണ് മന്ത്രി പൊതുജനത്തിന് നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.