ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന്റെ ലെറ്റര്‍ഹെഡില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റി ദീന്‍ദയാലി ഉപാദ്ധ്യായയുടെ ചിത്രം. ദേശീയ ചിഹ്നത്തിനൊപ്പമാണ് ആര്‍എസ്എസ് സൈദ്ധാന്തിക നേതാവ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ചിത്രവും ഉപയോഗിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കഴിഞ്ഞ 13 -ാം തിയതിയാണ് ആര്‍.എസ്.എസ് നേതാവിന്റെ ചിത്രം വെയ്ക്കാന്‍ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം വെക്കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഓഗസ്റ്റില്‍ എംഎല്‍എമാരോട് അവരുടെ ലെറ്റര്‍ ഹെഡുകളില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ചിത്രം വെക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ചിത്രം കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു.

രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ദീന്‍ദയാല്‍ ഉപാധ്യായയെ മഹാത്മാ ഗാന്ധിക്കൊപ്പം സ്ഥാപിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത്തരം നടപടികള്‍ ദേശീയ ചിഹ്നത്തിന്റെ പ്രധാന്യം കുറയ്ക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. നേരത്തെ ദേശീയ ചിഹ്നത്തിനൊപ്പം മഹാത്മാഗാന്ധിയുടെ ചിത്രമാണ് സര്‍ക്കാര്‍ ലെറ്റര്‍ഹെഡുകളില്‍ ഉണ്ടാകാറുള്ളത്.