ജയ്പൂര്‍: ജയ്ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് 45കാരനെ കൗമാരക്കാരന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മുഹമ്മദ് സാലിം എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. വിനയ് മീന എന്ന പതിനെട്ടുകാരനാണ് അക്രമണം നടത്തിയത്. ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ഇയാള്‍ തന്നെയാണ്. 

മൂന്ന് മിനുട്ട് നീണ്ടു നില്‍ക്കുന്ന വീഡിയോയുടെ ദൈര്‍ഘ്യം. ജയ്ശ്രീറാം എന്ന് വിളിക്കണമെന്നാവശ്യപ്പെട്ട് 25തവണയാണ് പതിനെട്ടുകാരന്‍ സാലിമിന്റെ മുഖത്തടിച്ചത്. എന്നാല്‍ ദൈവം സര്‍വശക്തനാണ് എന്നായിരുന്നു സാലിമിന്റെ മറുപടി. സംഭവത്തില്‍ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.