ജോധ്പൂര്‍: രാജസ്ഥാനിലെ ഹാദിയയ്ക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാമെന്ന് കോടതി. മുസ്ലിം യുവാവിനെ വിവാഹം ചെയ്തത് ലൗ ജിഹാദാണെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതി സര്‍ക്കാര്‍ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. ഭര്‍ത്താവിനൊപ്പം പോകണമെന്നും മറ്റ് സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നല്ല വിവാഹമെന്നുമുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി. പായല്‍ സാങ്‍വിയെന്ന ഇരുപത്തിരണ്ട് വയസുള്ള യുവതിയുടെ വിവാഹമാണ് വിവാദമായത്. 

യുവതിയെ മുഹമ്മദ് ഫായിസ് എന്ന യുവാവ് ബ്ലാക്ക്മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി വിവാഹം ചെയ്തുവെന്നും വിവാഹ രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ആരോപിച്ചാണ് യുവതിയുടെ സഹോദരന്‍ ചിരാഗ് സാങ്‍വി കോടതിയെ സമീപിച്ചത്. മുഹമ്മദ് ഫായിസ് പായലിനെ തട്ടിക്കൊണ്ട് പോയെന്നും ചിരാഗിന്റെ പരാതിയില്‍ ആരോപണമുണ്ടായിരുന്നു. ഈ പരാതിയെ തുടര്‍ന്നാണ് കോടതി യുവതിയെ സര്‍ക്കാര്‍ സംരക്ഷണയില്‍ വിട്ടത്. 

എന്നാല്‍ മുഹമ്മദ് ഫായിസിനെ തനിക്ക് ബാല്യം മുതലേ അറിയാം എന്നും സ്വന്തം ഇഷ്ട പ്രകാരമാണ് വിവാഹമെന്നും യുവതി ഹൈക്കോടതിയില്‍ മൊഴി നല്‍കി. യുവതി പ്രായ പൂര്‍ത്തിയായ വ്യക്തിയാണെന്നും ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാന്‍ സ്വാതന്ത്രമുണ്ടെന്നും വിശദമാക്കിയ കോടതി യുവതിയ്ക്ക് സംരക്ഷണമൊരുക്കണമെന്ന് പൊലീസിനും നിര്‍ദേശം നല്‍കി. തന്റെ മകളെ മന്ത്രവാദം ചെയ്ത് കീഴ്പ്പെടുത്തിയതെന്ന് വിധിയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു. 

ഇരുപത്തിനാല് വയസുള്ള ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത കോടതി വിധിയെ ചോദ്യം ചെയ്തുള്ള കേസ് കേരളത്തില്‍ പുരോഗമിക്കുമ്പോഴാണ് സമാന സ്വഭാവമുള്ള കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി.