ഈ വിഷയത്തിന്റെ ഗൗരവം അവിടുത്തെ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
തിരുവനന്തപുരം: കന്യാസ്ക്രീകളുടെ അറസ്റ്റിനെതിരെ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതൊരിക്കലും ജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനും കോടതിക്കും പുറത്തുവെച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾ നേരിടുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാനും സങ്കീർണ്ണമാക്കാനും മാത്രമാണ് ഉപകരിച്ചത്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവർ അത് തുടരുകയാണ്. കോൺഗ്രസിന്റെ ഈ നീക്കം നീതിന്യായ വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും മാത്രമാണ് ഉപകരിച്ചതെന്നും അദ്ദേഹം പറഞ്ഞു
അന്വേഷണത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും എല്ലാവിധ സമ്മർദ്ദങ്ങളും ഒഴിവാക്കുന്നതിനുമായി, ഗൗരവമേറിയ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റി. ഈ വിഷയത്തിൽ ഒരു പരിഹാരത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഒരേയൊരു പാർട്ടി ബിജെപിയാണ്. ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും അതീവ ഗൗരവമുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് അവ നിരോധിക്കുന്ന കർശനമായ നിയമങ്ങൾ അവിടെയുള്ളത്. ഇത് തിരിച്ചറിയുകയും, ഈ വിഷയത്തിൽ സംയമനം പാലിക്കുകയും, ഇതിനെച്ചൊല്ലി വിവാദങ്ങൾ ഉണ്ടാക്കാതിരിക്കുകയും വേണം.
കേരളത്തിൽ 2022-ൽ കന്യാസ്ത്രീകൾക്കെതിരെ സമാനമായ കേസ് കേരള പോലീസും രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ആ കേസ് കോടതി അവസാനിപ്പിച്ചത്. ഛത്തീസ്ഗഢിലെ തന്നെ സ്ഥിതി പരിശോധിച്ചാൽ, കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 2021-ൽ 4 ക്രൈസ്തവ പുരോഹിതരെ മതപരിവർത്തന നിരോധനനിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. അന്നൊന്നും പ്രതിഷേധിക്കാതിരുന്നവർ ഇപ്പോൾ കേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ കുളം കലക്കാൻ ശ്രമിക്കുകയാണ്. ക്രൈസ്തവ വിശ്വാസികളും മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ഈ ചതികെണിയിൽ വീണു പോകരുത്. കോൺഗ്രസിന്റെ ഈ കഴുകൻ രാഷ്ട്രീയം വിലപ്പോകില്ല.
ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവ് പോലും കോൺഗ്രസ് പ്രതിനിധി സംഘത്തെ അനുഗമിക്കുകയോ, കന്യാസ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയോ, അവർക്കായി എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിന്റെ ഗൗരവം അവിടുത്തെ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ, ലോകത്തിന്റെ ഏത് ഭാഗത്ത് ഒരു മലയാളി പ്രതിസന്ധി നേരിട്ടാലും ബിജെപി കൂടെയുണ്ടാകും. ആവശ്യമുള്ളപ്പോഴെല്ലാം ബിജെപി ഇടപെടും. ദീർഘകാലമായുള്ള ഈ നിലപാടിന്റെ ഭാഗമായാണ് ഈ കേസിലും ബിജെപി ഇടപെട്ടിരിക്കുന്നത്. ഭാവിയിലും ഏതെങ്കിലും മലയാളിക്ക് ഒരു ബുദ്ധിമുട്ടുണ്ടായാൽ, ജാതി-മത-വിശ്വാസങ്ങൾക്കപ്പുറം ബിജെപി കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


