ദില്ലി: ഇന്ത്യയുടെ സൈനിക ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള വിമാനം പഴയ പ്രൗഡിയിലേക്ക്. 1947ല്‍ സൈനികരെ അതിര്‍ത്തിയില്‍ എത്തിച്ച ഡിസി 3 ഡക്കോട്ട വിമാനം രാജീവ് ചന്ദ്രശേഖര്‍ എം പിയാണ് വ്യോമസേനാ മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്.
1947ല്‍ സ്വതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യയിലേക്ക് കടന്നുകയറിയ പാകിസ്ഥാനികളെ തുരത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് ഡഗ്ലസ് ഡിസി 3 ഡക്കോട്ട വിമാനത്തിനുണ്ടായിരുന്നു. സൈനികരെ എത്രയും വേഗം ഈ വിമാനത്തില്‍ എത്തിക്കാനായത് വഴി കശ്‍മീരിന്റെ പല ഭാഗങ്ങളും പാകിസ്ഥാന്‍ കൈയ്യേറുന്നത് തടഞ്ഞു. യുദ്ധചരിത്രത്തിന്റെ ഭാഗമായ ഈ വിമാനം എന്നാല്‍ അയര്‍ലന്റില്‍ ഉപേക്ഷിക്കപ്പെട്ടു. ആക്രിസാധനങ്ങള്‍ക്കൊപ്പം വിറ്റ ഈ വിമാനം കണ്ടെടുത്ത് പഴയ നിലയിലാക്കിയത് രാജീവ് ചന്ദ്രശേഖര്‍ എംപിയാണ്.
വ്യോമസേന ഉദ്യോഗസ്ഥനായ തന്റെ അച്ഛന്‍ ഡഗ്ലസ് ഡക്കോട്ട വിമാനം പറത്തിയിരുന്നു എന്നതും ഇത് വീണ്ടെടുക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ പ്രേരിപ്പിച്ചു. വീണ്ടും പറത്താന്‍ ഉതകുന്ന രീതിയില്‍ വിമാനത്തിന്റെ പണികള്‍ യുകെയില്‍ പൂര്‍ത്തിയായി വരികയാണ്. രണ്ടായിരത്തി പത്തില്‍ ഇത് സര്‍ക്കാരിന് സമ്മാനിക്കാന്‍ തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചെങ്കിലും പ്രതിരോധ മന്ത്രാലയം അനുകൂലമായല്ല പ്രതികരിച്ചത്.
ഇപ്പോഴത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നാല്‍ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന ഈ ചെറുവിമാനം സ്വീകരിക്കുന്ന കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചു. വിമാനം സ്വീകരിക്കുന്നത് സജീവ പരിഗണനയിലാണെന്നും ഇതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലെത്തിക്കുന്ന ഈ വിമാനം വ്യോമസേനാ മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണമാകും.
