തിരുവനന്തപുരം: പാതി മീശ വടിച്ചത് ശബരിമലയില്‍ യുവതികള്‍ കയറിയതിനോട് ഭക്തന്‍ എന്ന നിലയ്ക്കുള്ള പ്രതീകാത്മക പ്രതിഷേധമാണെന്ന് ചെങ്ങന്നൂര്‍ സ്വദേശി രാജേഷ്  കുറുപ്പ്. ശബരിമലയില്‍ പൊലീസ് ഭക്തരുടെ നെഞ്ചത്ത് ചവിട്ടുന്നതിന്റെ ദൃശ്യമെന്ന നിലയില്‍ ഫോട്ടോഷൂട്ടിലൂടെ നിര്‍മിച്ച സ്വന്തം ഫോട്ടോ പ്രചരിപ്പിച്ച് വിവാദ പുരുഷനായ രാജേഷ് ഇന്ന് കാലത്താണ് പാതി മീശ വടിച്ച് ഫോട്ടോ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്. ചിത്രം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ പോസ്റ്റ് പ്രൈവറ്റ് ആക്കിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയാണ്. അതിനിടെയാണ്, രാജേഷ് പോസ്റ്റിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. 

രാജേഷിന്റെ നെഞ്ചില്‍ പോലീസ് യൂനിഫോമിട്ട ഒരാള്‍ ചവിട്ടുന്ന ഫോട്ടോകളാണ് ശബരിമല പ്രതിഷേധത്തിനിടെ ദേശീയ തലത്തില്‍ വരെ ഷെയര്‍ ചെയ്യപ്പെട്ടത്. യഥാര്‍ത്ഥ ഫോട്ടോകള്‍ എന്ന നിലയ്ക്ക് പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രങ്ങള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ ഉപയോഗിച്ച് ഫോട്ടോഷൂട്ടിലൂടെ തയ്യാറാക്കിയതാണ് എന്ന് പിന്നീട് തെളിഞ്ഞു. ഇത് വിവാദമാവുകയും ചെയ്തു. ഇിനു ശേഷമാണ് ഇന്ന് പാതി വടിച്ച മീശയുമായി രാജേഷ് വീണ്ടും രംഗത്തുവന്നത്. 

ആലപ്പുഴയിലെ സ്വകാര്യ വെല്‍ഡിങ് സ്ഥാപനത്തില്‍ സൂപ്പര്‍വൈസറാണ് രാജേഷ്. കടുത്ത അയ്യപ്പ ഭക്തനാണ് താനെന്ന് രാജേഷ് സ്വയം വിശേഷിപ്പിക്കുന്നു.  ഏതെങ്കിലുമൊരു യുവതി ശബരിമലയില്‍ പ്രവേശിച്ചാല്‍ പിന്നെ മുഖത്ത് പാതി മീശ കാണില്ല എന്ന് കൂട്ടുകാരുമായി പന്തയം വെച്ചിരുന്നതായി രാജേഷ് പറയുന്നു.  'യുവതികള്‍ ശബരിമലയില്‍ കേറി എന്ന വാര്‍ത്ത പരന്നയുടനെ അവര്‍ എന്നെ തേടിയെത്തി. പിന്നെ എതിര്‍ക്കാന്‍ നിന്നില്ല. പന്തയപ്രകാരം പാതി മീശ വടിച്ച്, അപ്പോള്‍ തന്നെചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു'-രാജേഷ് പറഞ്ഞു. 

ശബരിമലയില്‍ നടക്കുന്ന ആചാരലംഘനങ്ങളില്‍ മനം നൊന്ത സാധാരണക്കാരന്റെ പ്രതിഷേധം എന്ന നിലയില്‍ പ്രതീകാത്മകമായി താന്‍ ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ വളരെ അപകടകരമായ സൂചനകളോടെ പല കേന്ദ്രങ്ങളും ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് വിവാദമായ ഫോട്ടോഷൂട്ടിനെക്കുറിച്ച് രാജേഷിന്റെ വിശദീകരണം. 'തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ആ ചിത്രങ്ങള്‍ പലരും പ്രചരിപ്പിക്കാന്‍ തുടങ്ങി. അതോടെ ആ ചിത്രങ്ങള്‍ ഫേസ് ബുക്ക് പ്രൊഫൈലില്‍ നിന്നും നീക്കം ചെയ്തു. അപ്പോഴേക്കും കാര്യങ്ങള്‍ പിടിവിട്ടു പൊയ്ക്കഴിഞ്ഞിരുന്നു'-രാജേഷ് പറയുന്നു. 

ആര്‍.എസ്.എസ്. അനുഭാവിയാണ് താനെന്നാണ് രാജേഷ് പറയുന്നത്. പ്രവര്‍ത്തകനോ ഭാരവാഹിയോ ഒന്നുമല്ല. ആനക്കമ്പക്കാരനാണ്. ഒപ്പം ഫോട്ടോഗ്രാഫിപ്രേമിയും. അതിനാല്‍ നാട്ടിലോ പരിസരത്തോ ആരുവന്നാലും, എത്ര റിസ്‌കെടുത്തിട്ടായാലും അവരോടൊപ്പം ഒരു സെല്‍ഫി ഒപ്പിക്കാറുണ്ട് രാജേഷ്. ബിജെപിയുടെ നേതാക്കളോടൊപ്പം താന്‍ എടുത്ത ഫാന്‍ സെല്‍ഫികളാണ് തന്റെ സംഘപരിവാര്‍ ബന്ധത്തിന്റെ തെളിവായി ആളുകള്‍ പ്രചരിപ്പിച്ചതെന്നും പറയുന്നു, രാജേഷ്.