ദിവസങ്ങള്‍ക്ക് മുന്‍പ് കരുണാനിധിയെ, ചികിത്സയിലായിരുന്ന ചെന്നൈ കാവേരി ആശുപത്രിയിലെത്തി രജനി സന്ദര്‍ശിച്ചിരുന്നു.
തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ മരണത്തില്‍ അനുശോചിച്ച് രജനീകാന്ത്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഈ ജീവിതത്തില്‍ മറക്കാനാഗ്രഹിക്കുന്ന കറുത്ത ദിനമാണിതെന്ന് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് കരുണാനിധിയെ, ചികിത്സയിലായിരുന്ന ചെന്നൈ കാവേരി ആശുപത്രിയിലെത്തി രജനി സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റുമായ എം.കെ.സ്റ്റാലിനെയും മറ്റ് കുടുംബാംഗങ്ങളെയും രജനി കണ്ടിരുന്നു. കരുണാനിധി ഉറക്കത്തിലായിരുന്നതിനാല്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനായില്ലെന്നും അതിനാല്‍ കുടുംബാംഗങ്ങളോടാണ് ആരോഗ്യനിലയിലെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചതെന്നും രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ചെന്നൈ കാവേരി ആശുപത്രി വൈകിട്ട് 6.40ന് പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനിലാണ് കരുണാനിധിയുടെ മരണം സ്ഥിരീകരിച്ചത്. കരുണാനിധിയുടെ പ്രധാനഅവയവങ്ങളെല്ലാം പ്രവര്‍ത്തനരഹിതമാണെന്നും കഴിഞ്ഞ മണിക്കൂറുകളില്‍ ആരോഗ്യനിലയില്‍ കാര്യമായ തകരാറുണ്ടായെന്നും നാലരയ്ക്ക് വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. പ്രായാധിക്യം കാരണം മരുന്നുകള്‍ ഫലം കാണുന്നില്ലെന്നും അണുബാധ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
