കണ്ണൂര്‍: പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട് ബിജെപി കേരള ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി സന്ദര്‍ശിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. ബിജുവിന്‍റെ മാതാപിതാക്കളുമായും പ്രാദേശിക നേതാക്കളുമായും കേന്ദ്രമന്ത്രി സംസാരിച്ചു.

തുടര്‍ന്ന് കണ്ണൂരിൽ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്രം ഇടപെടേണ്ടി വരുമെന്ന് മന്ത്രി മുന്നിറിയിപ്പ് നല്‍കി. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ കുടുംബത്തോടൊപ്പം കേന്ദ്രസർക്കാർ ഉണ്ടാകുമെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജുവിന്റെ ബന്ധുക്കളുടെ ആവശ്യം പരിഗണിക്കുമെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

ബിജുവിന്റെ വീട് സന്ദര്‍ശിക്കുന്നതോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബയോഗങ്ങളിലും കേന്ദ്രമന്ത്രി പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

തിരിച്ചെത്തിയ ശേഷം കണ്ണൂരിലെ സാഹചര്യം സംബന്ധിച്ച് ദേശീയ അധ്യക്ഷൻ അമിത്ഷായക്കും പ്രധാനമന്ത്രിക്കും മന്ത്രി റിപ്പോർട്ട് നൽകും.

അതേസമയം താൻ പുറത്ത് വിട്ട വീഡിയോ വ്യാജമാണെന്ന ആരോപണം ശ്രദ്ധ തിരിക്കാൻ വേണ്ടിയാണെന്നു പറഞ്ഞ കുമ്മനം രാജശേഖരന്‍ കേസിനെ നേരിടുമെന്ന് ഇന്നും ആവർത്തിച്ചു.