രാജ്യത്തെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും മുമ്പ് 126 ജില്ലകള്‍ ഈ രീതിയില്‍ അടയാളപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോഴത് പത്തോ പന്ത്രണ്ടോ ആയി ചുരുങ്ങിയിരിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ലക്നൗ: മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് മുഴുവന്‍ മാവോയിസ്റ്റുകളെയും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ലക്നൗവിലെ സിആര്‍പിഎഫ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
'ആ ദിനം... വളരെ ദൂരെയൊന്നുമല്ല. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയെ വേണ്ടിവരൂ. അതിനുള്ളില്‍ മുഴുവന്‍ മാവോയിസ്റ്റുകളെയും രാജ്യത്ത് നിന്ന് തുടച്ചുനീക്കും. അതിന് രാജ്യത്തെ പൊലീസിന്‍റെയും സേനയുടെയും ധൈര്യവും അധ്വാനവും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്'- മന്ത്രി പറഞ്ഞു.
രാജ്യത്തെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും മുമ്പ് 126 ജില്ലകള്‍ ഈ രീതിയില്‍ അടയാളപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോഴത് പത്തോ പന്ത്രണ്ടോ ആയി ചുരുങ്ങിയിരിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

'സിആര്‍പിഎഫ് മാത്രം ഈ വര്‍ഷം 131 മാവോയിസ്റ്റുകളെ വധിച്ചിട്ടുണ്ട്. പലയിടങ്ങളിലും യുവാക്കള്‍ തീവ്രവാദത്തിലേക്ക് തിരിയുന്ന സാഹചര്യമുണ്ടായി, എന്നാല്‍ സൈന്യത്തിന്‍റെ അഭിനന്ദനാര്‍ഹമായ രീതിയിലുള്ള ഇടപെടല്‍ ഈ അവസ്ഥയില്‍ ഏറെ മാറ്റങ്ങളുണ്ടാക്കി'- മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് വിഷയവും തീവ്രവാദവും ചര്‍ച്ച ചെയ്യുന്നതിനിടെ കശ്മീര്‍ വിഷയവും രാജ്നാഥ് സിംഗ് പരാമര്‍ശിച്ചു പോയി. ജമ്മു ആന്‍റ് കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടി തീര്‍ച്ചയാണന്നും അദ്ദേഹം പറഞ്ഞു.