രാഹുലിന്‍റേത് ചിപ്കോ സമരമെന്ന് രാജ്നാഥ് സിംഗ് തരൂരിനെതിരെയും വിമര്‍ശനം

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയെയും ശശി തരൂര്‍ എംപിയെയും വിമര്‍ശിച്ച് രാജ്നാഥ് സിംഗ്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ജനങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിക്കുകയും മോദിയെ ആലിംഗനം ചെയ്യുകയും ചെയ്ത രാഹുല്‍ ഗാന്ധിയുടേത് ചിപ്കോ സമരമെന്നാണ് രാജ്നാഥ് സിംഗ് വിമര്‍ശിച്ചത്. 

രാഹുലിനെ മാത്രമല്ല, കോണ്‍ഗ്രസ് എം പി ശശി തരൂരിനെയും രാജ്നാഥ് സിംഗ് വിമര്‍ശിച്ചു. ശശി തരൂരിൻറെ ഹിന്ദു പാകിസ്ഥാൻ പരാമർശത്തിനെതിരെയാണ് രാജ്നാഥ് സിംഗ് രംഗത്തെത്തിയത്. കേരളത്തിൽ സ്കൂളിൽ അധ്യാപകനെ വെട്ടിയപ്പോൾ താലിബാൻ ഓർമ്മ വരാത്തതെന്തെന്ന് ചോദിച്ച അദ്ദേഹം 1984 ല്‍ സിഖുകാര്‍ക്കെതിരെ നടന്നത് ഏറ്റവും വലിയ ആക്രമണമാണെന്നും പറഞ്ഞു. 

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്ന് രാഹുല്‍ ഗാന്ധി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. മോദിക്ക് ചൈനയുടെ താൽപര്യമാണ് പ്രധാനമെന്നും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ചര്‍ച്ചയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കി തന്നതിന് നന്ദി. ചിരിക്കുകയാണെങ്കിലും മോദിയുടെ കണ്ണുകളിൽ പരിഭ്രമമാണ് കാണുന്നത്. എന്‍റെ കണ്ണുകളിലേക്ക് നോക്കുന്നില്ല. വിശ്വസിച്ച യുവാക്കളെ പ്രധാനമന്ത്രി വഞ്ചിച്ചു. പ്രധാനമന്ത്രി നൽകിയത് പൊള്ളയായ വാഗ്ദാനങ്ങളാണ്. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങൾ എവിടെയെന്ന് രാഹുല്‍ ചോദിച്ചു.

ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ. ഗുണം കോട്ടിട്ട വ്യവസായികൾക്കും അമിത് ഷായുടെ മകനും മാത്രമാണ്. ജയ്ഷായുടെ അഴിമതിക്ക് രാജ്യത്തിന്റെ കാവൽക്കാരൻ കണ്ണടച്ചു. 45000 കോടിയുടേതാണ് റാഫേൽ അഴിമതി. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികൾ ചെലവിടുന്നു. ഇതിന് പിന്നിൽ റാഫേൽ അഴിമതിപ്പണമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിനെല്ലാം രാഹുല്‍ നടത്തുന്നത് ചിപ്കോ സമരമാണെന്നാണ് രാജ്നാഥ് സിംഗ് മറുപടി നല്‍കിയത്.