ചെന്നെെ-സേലം എട്ടുവരി പാത വിഷയത്തില്‍ ഇരുവര്‍ക്കും വ്യത്യസ്ത അഭിപ്രായം
സേലം: രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട് കഴിഞ്ഞ സൂപ്പര് താരം രജനീകാന്തും നടികതിലകം കമലഹാസനും തമ്മില് ചെന്നെെ-സേലം എക്സ്പ്രസ്വേയുടെ കാര്യത്തില് രണ്ടു ചേരിയില്. കഴിഞ്ഞ ദിവസം വിഷയത്തില് രജനീകാന്ത് പ്രഖ്യാപിച്ച നിലപാടിന്റെ നേര് വിപരീതമാണ് തന്റെ അഭിപ്രായമെന്ന് കമലഹാസന് വ്യക്തമാക്കി കഴിഞ്ഞു. ചെന്നെെ-സേലം എക്സ്പ്രസ്വേ ജനങ്ങളുടെ മേല് അടിച്ചേല്പ്പിക്കരുതെന്ന് മക്കള് നീതി മയ്യം പ്രസിഡന്റ് കമലഹാസന് ആവശ്യപ്പെട്ടു.
സേലത്ത് എത്തിച്ചേരുന്നതിന് ഏതെങ്കിലും ഇതര മാര്ഗമുണ്ടോയെന്ന് അറിയണം. എട്ടു വരി പാത വന്നില്ലെങ്കില് തങ്ങളുടെ ജീവിതം അവതാളത്തിലാകുമെന്ന് ജനങ്ങള് പറഞ്ഞിട്ടില്ല. സേലത്തേക്ക് എത്താന് മറ്റു മാര്ഗങ്ങളില്ലേയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുമായി വേണം ഇത്തരം കാര്യങ്ങള് ആദ്യം ചര്ച്ച ചെയ്യാന്. ഇതിനകം നിരവധി രാഷ്ട്രീയ നേതാക്കള് പദ്ധതിയെ എതിര്ത്ത് രംഗത്ത് വന്നിട്ടുണ്ട്.
ജനങ്ങളുടെ മേല് ഒന്നും അടിച്ചേല്പ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, പതിനായിരം കോടി രൂപയുടെ പ്രോജക്ടിനെ പിന്തുണച്ച് രജനീകാന്ത് രംഗത്ത് വന്നിരുന്നു. ഇത്തരം വലിയ പദ്ധതികള് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമെന്നും തൊഴില് അവസരങ്ങള് സൃഷ്ടിക്കുമെന്നുമായിരുന്നു രജനീ പറഞ്ഞത്. ഇതിനൊപ്പം സ്ഥലം നഷ്ടപ്പെടുന്നവര്ക്ക് നഷ്ടപരിഹാരം നല്കണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി രാഷ്ട്രീയ പാര്ട്ടികള് എട്ടു വരി പാതയെ എതിര്ത്തിട്ടുണ്ട്. പ്രധാന പ്രതിപക്ഷ പാര്ട്ടിയായ ഡിഎംകെ സേലത്തേക്ക് ഇതര മാര്ഗം കണ്ടെത്തണമെന്ന് സര്ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. പക്ഷേ ഭരണകക്ഷിയായ എഐഡിഎംകെ നഷ്ടപരിഹാരമായി സ്ഥലം നല്കാമെന്നുള്ള നിലപാടിലാണ്. ജനങ്ങളെ നിര്ബന്ധിച്ച് പദ്ധതി അടിച്ചേല്പ്പിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെ. പളനിസ്വാമി വ്യക്തമാക്കിയത്.
90 ശതമാനം ഭൂമി ഉടമകകള്ക്കും സ്ഥലം ഏറ്റെടുക്കുന്നതില് പ്രശ്നമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചിലര് രാഷ്ട്രീയ അജണ്ടകളോടെ പ്രതിഷേധം നടത്തുകയാണ്. അവര്ക്ക് സര്ക്കാരിനെ എതിര്ക്കണമെന്ന് ഉദ്ദേശ്യം മാത്രമേയുള്ളൂ. സേലത്തിന് മാത്രമല്ല, സമീപ ജില്ലകളായ കോയമ്പത്തൂരിനും സാമക്കലിനുമെല്ലാം ഗുണകരമാണ് ഈ പദ്ധതി. കേരളത്തിലേക്ക് യാത്രക്കാര്ക്കും പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
