ചണ്ഡീഗഢ്: വാത്മീകി മഹര്‍ഷിയെ അപമാനിച്ച കേസില്‍ ബോളിവുഡ് നടി രാഖി സാവന്തിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെത്തിയാണ് പോലീസ് രാഖിയെ അറസ്റ്റ് ചെയ്തത്. വാത്മീകി മഹര്‍ഷിയെ അപമാനിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രാഖി സാവന്തിനെതിരെ ലുധിയാന കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വാത്മീകി സമുദായക്കാര്‍ നല്‍കിയ പരാതിയിലാണ് രാഖിക്കെതിരെ കേസെടുത്തത്.കഴിഞ്ഞ വര്‍ഷം രാഖി സാവന്ത് പങ്കെടുത്ത സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് വാത്മീകി മഹര്‍ഷിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്തവാന നടത്തിയത്.
വാത്മീകി മഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരേയും അനുയായികളേയും അപമാനിക്കുന്നതാണ് പ്രസ്താവനയെന്നാണ് ആരോപണം. വാറണ്ടുമായി ലുധിയാന പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മുംബൈയിലെത്തുകയായിരുന്നു. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും.
