തിരക്ക് കൂടുന്നത് കണക്കിലെടുത്താണിത് പൊതുമേഖലയില്‍ പെരുന്നാളവധി
ജിദ്ദ: റംസാനില് മക്കയിലും ജിദ്ദയിലും ഗതാഗത നിയന്ത്രണം. തിരക്ക് കൂടുന്നത് കണക്കിലെടുത്താണിത്. പൊതുമേഖലയില് പെരുന്നാളവധി പ്രഖ്യാപിച്ചു. റമദാനില് മക്കയിലെ ഹറം പള്ളിയിലേക്ക് വരുന്നവരുടെ വാഹനങ്ങള് നിശ്ചിത പാര്ക്കിംഗ് ഏരിയകളില് പാര്ക്ക് ചെയ്യണം. അവിടെ നിന്ന് ഹറം പള്ളിയിലേക്ക് ഇരുപത്തിനാല് മണിക്കൂറും ഷട്ടില് സര്വീസ് ഏര്പ്പെടുത്തിയിട്ടുണ്ട്.
ഹറം ഏരിയക്ക് പുറത്ത് പ്രധാനമായും അഞ്ച് പാര്ക്കിംഗ് ഏരിയകളാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് നാല്പ്പത്തി അയ്യായിരം വാഹനങ്ങള്ക്ക് ഇവിടെ പാര്ക്ക് ചെയ്യാം. മക്ക മദീന ഹൈവേ, മക്ക ജിദ്ദ ഹൈവേ, മക്ക തായിഫ് റോഡ്, മക്ക അല്ലീത്ത് റോഡ് എന്നിവിടങ്ങളിലാണ് പാര്ക്കിംഗുകള് ഉള്ളത്. ഹറം പള്ളിക്ക് സമീപം വാഹനങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തും.
കഅബക്ക് ചുറ്റും തവാഫ് നിര്വഹിക്കുന്ന ഭാഗത്തേക്ക് വൈകുന്നേരം മഗ്രിബ് നിസ്കാരം മുതല് രാത്രി തറാവീഹ് നിസ്കാരം കഴിയുന്നത് വരെ ഉംറ തീര്ഥാടകര്ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ആയുധങ്ങളും ലഗ്ഗേജുകളും ഒരു കാരണവശാലും ഹറം പള്ളിയിലേക്ക് പ്രവേശിപ്പിക്കില്ല. ജിദ്ദയില് റംസാന് അവസാനിക്കുന്നത് വരെ ശക്തമായ ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തും.
ട്രാഫിക് നിയമങ്ങള് എല്ലാവരും പാലിച്ചാല് നോമ്പ് തുറക്ക് തൊട്ടു മുമ്പ് സാധാരണ ഉണ്ടാകാറുള്ള അപകടങ്ങള് ഒഴിവാക്കാനാകുമെന്നു ട്രാഫിക് വിഭാഗം അറിയിച്ചു. അതേസമയം റമദാനില് പൊതുമേഖലയിലെ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് അധികൃതര് അറിയിച്ചു. രാവിലെ പത്ത് മണി മുതല് വൈകുന്നേരം മൂന്നു മണി വരെയായിരിക്കും സര്ക്കാര് സ്ഥാപനങ്ങള് പ്രവര്ത്തിക്കുക.
സ്വകാര്യ മേഖലയില് ആറു മണിക്കൂറാണ് പ്രവര്ത്തി സമയം. പൊതുമേഖലയില് ചെറിയ പെരുന്നാളവധി റമദാന് ഇരുപത്തിമൂന്നിന് ആരംഭിക്കും. ശവ്വാല് ആറു, അതായത് ജൂണ് ഇരുപത് വരെയായിരിക്കും അവധി.
