ഇന്ധനത്തിന് ബദലുണ്ടാക്കിയ അദ്ഭുത മനുഷ്യനായി അറിയപ്പെട്ടിരുന്ന രാമര്‍‍, പെട്രോളിന് കുത്തനെ വില കയറിക്കൊണ്ടിരുന്ന 1996ല്‍ ചില്ലറത്തുട്ടുകള്‍ക്ക് തമിഴ് ദേവി മൂളിഗൈ എരിപൊരുള്‍ എന്ന പേരിലാണ് പെട്രോള്‍ വിറ്റത്‍. വിരുതു നഗറില്‍ നിന്നുള്ള രാമര്‍ പിള്ളയുടെ പ്രശസ്തി വളര്‍ന്നത് പൊടുന്നനെയാണ്. രാമറിന്റെ പെട്രോളിനെ പ്രശംസിച്ചത് സാധാരണക്കാരോ മാധ്യമങ്ങളോ മാത്രമായിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി കരുണാനിധി കൂടിയാണ്. എന്നാല്‍ പച്ചിലകളില്‍ നിന്നുള്ള അദ്ഭുതക്കൂട്ടുകൊണ്ടുണ്ടാക്കിയ പെട്രോളിനെതിരെ അന്നേ സംശയമുയര്‍ന്നു. തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിയ സിബിഐ, രാമറിന്‍റെ പെട്രോള്‍ പച്ചിലയില്‍ നിന്നല്ല, മറിച്ച് ബെന്‍സിന്‍, നാഫ്ത പോലുള്ള പെട്രോളിയം വസ്തുക്കള്‍ കലര്‍‍ത്തിത്തന്നെയാണ് നിര്‍മ്മിയ്‌ക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് രാമറിനെ സിബിഐ അറസ്റ്റ് ചെയ്തു. എന്നാല്‍ പെട്രോളിയം കമ്പനികളുമായി ചേര്‍ന്നുള്ള ഗൂഢാലോചനയാണിതെന്നാണ് രാമര്‍ ഇതിനെതിരെ പ്രതികരിച്ചത്. 2010ല്‍ തന്റെ അദ്ഭുതക്കൂട്ടു കൊണ്ടുണ്ടാക്കിയ പുതിയ പെട്രോളുമായി രാമര്‍ രംഗത്തുവരികയും ചെയ്തു. ഏതായാലും നിയമയുദ്ധത്തിനൊടുവില്‍ കോടതി തന്നെ രാമറിന്‍റെ പെട്രോള്‍ വ്യാജമെന്ന് വിധിച്ചിരിയ്‌ക്കുന്നു. മൂന്ന് വര്‍ഷത്തെ കഠിനതടവും മുപ്പതിനായിരം രൂപ പിഴയുമാണ് കോടതി രാമറിന് വിധിച്ച ശിക്ഷ.