ദില്ലി: രാഹുല്‍ ഗാന്ധി ഒരു ദളിത് യുവതിയെ വിവാഹം ചെയ്യണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ. ഇടയ്ക്ക് ദളിതുകളുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നതുകൊണ്ട് ജാതി വ്യവസ്ഥ ഇല്ലാതാകില്ലെന്നും രാഹുലിന് താല്‍പര്യമുണ്ടെങ്കില്‍ പെണ്‍കുട്ടിയെ താന്‍ കണ്ടെത്തിക്കൊടുക്കാമെന്നും അതാവ്‌ലെ മഹാരാഷ്ട്രയിലെ അകോലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാഹുല്‍ഗാന്ധി കല്യാണം കഴിച്ച് മാതൃക കാണിക്കണം. താന്‍ ഒരു ബ്രാഹ്മണയുവതിയെയാണ് വിവാഹം ചെയ്തത്. സമൂഹത്തിലെ ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ മിശ്രവിവാഹങ്ങളാണ് പോംവഴിയെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നെന്നും അതാവ്‌ലെ വിശദീകരിച്ചു.

വിവാഹാലോചനകളെയോ രാഹുല്‍ ഗാന്ധിയെയോ അവഹേളിക്കാനല്ല താനിത് പറയുന്നത്. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ രാഹുല്‍ ഒരു മാതൃകയാകണമെന്നത് ഉദ്ദേശിച്ചാണ് ഇക്കാര്യം പറയുന്നതെന്നും അതാവ്‌ലെ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് വാലെയുടെ മറുപടി ഇങ്ങനെയായിരുന്നു. അദ്ദേഹം മുമ്പുള്ളതില്‍ നിന്ന് വളരെ മാറിയിരിക്കുന്നു. പഴയ പപ്പുവല്ല ഇപ്പോള്‍. മികച്ച നേതാവാകാന്‍ അദ്ദേഹത്തിന് സാധിക്കും-അതാവ്‌ലെ പറഞ്ഞു.