തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കോണ്‍ഗ്രസ് എംപിമാരെ സോണിയാ ഗാന്ധി ശകാരിച്ചുവെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

സോണിയാഗാന്ധി എംപിമാരോട് ഒന്നും പറഞ്ഞിട്ടില്ല. ദില്ലിയിലെ ചില സിപിഎം കേന്ദ്രങ്ങള്‍ ദില്ലി ഇന്ത്യന്‍ എക്സപ്രസ്സില്‍ കൊടുത്ത വാര്‍ത്തയാണിത്. അങ്ങനെ ഒരു നിര്‍ദേശം സോണിയ എംപിമാര്‍ക്ക് കൊടുത്തിട്ടില്ല. ഇത്തരം വ്യാജവാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊടുക്കുന്നത് ശരിയല്ല. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇവിടെ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി അറിയാം. അവരോട് ചോദിച്ചിട്ടാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ ഭിന്നതയോ ആശയക്കുഴപ്പമോ ഇല്ലെന്നും ഇക്കാര്യത്തില്‍ നാളെ ചേരുന്ന യുഡിഎഫ് യോഗം തീരുമാനമെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. 

അതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്നും സഭയിലെത്തിയത്.  ലോക്സഭയില്‍ ശബരിമല വിഷയം കോണ്‍ഗ്രസ് എംപി കെ.സി.വേണുഗോപാല്‍ ഉന്നയിക്കുകയും ചെയ്തു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് കാസര്‍ഗോഡ് എംപി പി.കരുണാകരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. 

ഹര്‍ത്താലിന്‍റെ പേരില്‍ കേരളത്തില്‍ ഇന്നലെ വ്യാപകമായി അക്രമങ്ങളുണ്ടായെന്നും ശബരിമലയിലെ സ്ത്രീകളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും കരുണാകരന്‍ ആരോപിച്ചു.