Asianet News MalayalamAsianet News Malayalam

സ്വന്തം മന്ത്രിമാരെ നിലയ്ക്കു നിര്‍ത്തിയിട്ട് മതി സാരോപദേശം; പിണറായിയോട് ചെന്നിത്തല

Ramesh chennitha facebook post
Author
First Published Jan 7, 2018, 1:02 PM IST

തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം എല്‍എയെ തള്ളാതെ തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ ബല്‍റാമിനെ വിമര്‍ശിച്ചതിനെതിരെയും ബല്‍റാമിന്‍റെ പരാമര്‍ശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുമാണ് ചെന്നിത്തലയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തലയുടെ പ്രതികരണം.

ബല്‍റാമിന്‍റെ പരാമർശത്തിനോട് കോൺഗ്രസിന് യോജിപ്പില്ല. എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. എന്നാല്‍ ഗാന്ധി കുടുംബം മുതൽ ഡോ. മൻമോഹൻ സിംഗ്, സംസ്ഥാനത്തെ മുൻമുഖ്യമന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാരെ മന്ത്രിമാരും സിപിഎം പാർട്ടി നേതാക്കന്മാരും അടച്ചാക്ഷേപിക്കുകയാണ്‌. സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തിയ ശേഷം മതി കോൺഗ്രസുകാരോടുള്ള സാരോപദേശം എന്ന് വിനയത്തോടുകൂടി മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എ കെ ജിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശത്തിന്റെ നിജസ്ഥിതി അറിയാൻ വി ടി ബൽറാം എം എൽ എ യുമായി ഞാൻ സംസാരിച്ചു. സാമൂഹ്യ മാധ്യമത്തിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ചപ്പോൾ നടത്തിയ മറുപടിയായിരുന്നു പരാമർശം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരം പരാമർശത്തിനോട് കോൺഗ്രസിന് യോജിപ്പില്ല.എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. ദീർഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ ഏ കെ ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.സാമൂഹ്യമാധ്യമങ്ങളിലും പൊതുജനങ്ങൾക്കിടയിലും അഭിപ്രായ പ്രകടനം നടത്തുമ്പോൾ പാർട്ടി നേതാക്കളും പ്രവർത്തകരും തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്.

ഏ കെജിയെ സംബന്ധിച്ച് ഉയർന്ന പരാമർശത്തിന്റെ പേരിൽ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റ് ഞാൻ വായിച്ചു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി എന്ത് കൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു? ഗാന്ധി കുടുംബം മുതൽ ഡോ.മൻമോഹൻ സിംഗ്,സംസ്ഥാനത്തെ മുൻമുഖ്യമന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാരെ മന്ത്രിമാരും സിപിഎം പാർട്ടി നേതാക്കന്മാരും അടച്ചാക്ഷേപിക്കുകയാണ്‌ .സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തിയ ശേഷം മതി കോൺഗ്രസുകാരോടുള്ള സാരോപദേശം എന്ന് വിനയത്തോടുകൂടി മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios