മുഖ്യമന്ത്രിയെ ദുരന്തപ്രദേശങ്ങളിൽ കാണാത്തത് വലിയ അപാകതയാണെന്നും  ചെന്നിത്തല 

തിരുവനന്തപുരം: മുഖ്യമന്ത്രി കർക്കിട ചികിത്സയിലാണോ ചികിത്സയ്ക്ക് പോയതാണോ എന്ന് പ്രതിപക്ഷനേതാവ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും കനത്ത ദുരന്തമുണ്ടായിട്ടും പ്രളയാബാധിത പ്രദേശങ്ങൾ എന്തുകൊണ്ടാണ് മുഖ്യമത്രിമാരും മന്ത്രിമാരും സന്ദര്‍ശിക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയെ ദുരന്തപ്രദേശങ്ങളിൽ കാണാത്തത് വലിയ അപാകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴച വരുത്തിയെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. എംഎല്‍എ അടക്കമുള്ളവര്‍ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കാത്തത് തെറ്റാണ്. അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതില്‍ പോലും ഏകോപനമില്ലെന്നും കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലില്ലാത്ത വിധം കാലവര്‍ഷം കടുത്ത നാശനഷ്ടങ്ങള്‍ സംസ്ഥാനത്തുണ്ടാക്കിയിട്ടും അത് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടനാട്ടിലും ആലപ്പുഴയിലെ മറ്റു പ്രദേശങ്ങളും വെള്ളപ്പൊക്കം കാരണം കടുത്ത ദുരിതം നേരിടുകയാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. അധികൃതര്‍ തിരിഞ്ഞു പോലും നോക്കുന്നില്ല. ഇതുവരെ സൗജന്യ റേഷന്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍ ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയെ കുട്ടനാടിന്റെ ഏഴയലത്തു പോലും കാണുന്നില്ല. ഇത്രയും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക കാബിനറ്റ് യോഗം പോലും ചേര്‍ന്നില്ല. മന്ത്രിമാര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങലുടെ ചുമതല വീതിച്ചു നല്‍കിയിട്ടുമില്ല. 

സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ പോലും നടന്നിട്ടില്ല. സംസ്ഥാനത്തൊട്ടാകെ 114 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 385 ക്യാമ്പുകളിലായി പതിനായിരത്തോളം ജനങ്ങള്‍ വിവിധ ഇടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കാര്യക്ഷമമാക്കിയില്ലങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.