വില വര്‍ധനവില്‍ കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ഉത്തരവാദികള്‍
തിരുവനന്തപുരം: ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ധന വില വര്ധനവിലെ അധികലാഭം വേണ്ടെന്ന് വയ്ക്കുന്ന കാര്യത്തില് തീരുമാനമുണ്ടാകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന തിരഞ്ഞടുപ്പില് വോട്ടു തട്ടാനുള്ള തരം താണ വിദ്യ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോളിയത്തിന്റെ വില വര്ധനവില് കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ഉത്തരവാദികളാണ്.
കേന്ദ്രം വില വര്ധിപ്പിക്കുന്നതനുസരിച്ച് സംസ്ഥാനത്തിന്റെ കീശയും വീര്ക്കുന്നുണ്ട്. കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുമ്പോള് അതിന്റെ പങ്കു പറ്റാന് ആര്ത്തി കാണിച്ചു വന്ന ധനകാര്യ മന്ത്രിക്ക് ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് മാത്രം വീണ്ടു വിചാരം ഉണ്ടായത് എന്തു കൊണ്ടാണെന്ന് എല്ലാവര്ക്കും മനസിലാവും.
നേരത്തെ ഇന്ധന വില കുതിച്ചുയര്ന്നപ്പോള് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള് ഉള്പ്പടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും അധിക നികുതി വേണ്ടെന്ന് വച്ചിട്ടും ഒരു പൈസ കുറയ്ക്കില്ലെന്ന വാശി പിടിച്ചയാളാണ് തോമസ് ഐസക്ക് എന്നും മറന്നു പോകരുത്.
പെട്രോളിന്റെ വില കുറയ്ക്കാത്തതില് കേന്ദ്രത്തെ കുറ്റം പറയുന്ന തോമസ് ഐസക്ക് സ്വന്തം പാപം മറച്ചു വയക്കാനാണ് ശ്രമിക്കുന്നത്.
കേന്ദ്രം 24 മുതല് 26 % വരെ എക്സൈസ് നികുതി ചുമത്തുമ്പോള് സംസ്ഥാനം 31.80% വില്പന നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഇത്രയും കൂടിയ വില്പന നികുതി കുറയ്ക്കാന് സംസ്ഥാന സര്ക്കാര് എന്തു കൊണ്ടു തയ്യാറാവുന്നില്ല എന്ന് വ്യക്തമാക്കണെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
