തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ 63 പോയിന്റ് കുറ്റപത്രവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ ഫാസിസ്റ്റ് മുഖമെന്ന് ആരോപിച്ച ചെന്നിത്തല ധിക്കാരവും അഹങ്കാരവും അഴിമതിയുമാണ് സര്‍ക്കാരിന്റെ ശൈലിയെന്നും വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

ഒന്നും ശരിയാകാത്ത ഒരു വര്‍ഷമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. 18 രാഷ്ട്രീയ കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം മുന്‌പെങ്ങുമില്ലാത്ത വിധം കൂടി , ജിഷ്ണു പ്രണോയി കേസിലെടക്കം പൊലീസിന് അടക്കടി വീഴ്ചയുണ്ടായി. മുന്നാറില്‍ കയ്യേറ്റ വ്യാപകമായി. സ്വാശ്രയ ഫീസ് വര്‍ധന, ചോദ്യപേപ്പര്‍ ചോര്‍ച്ച ,ലോ അക്കാദമി സമരം തുടങ്ങി പിണറായി സര്‍ക്കാരിനെ ചുറ്റി നിന്ന വിവാദങ്ങളില്‍ ഊന്നിയാണ് ചെന്നിത്തലയുടെ കുറ്റപത്രം.

എ.കെ ശശീന്ദ്രന്റെ രാജി, ബാലകൃഷ്ണപിള്ളയുടെ കാബിനറ്റ് പദവി എന്നിവയും പ്രതിപക്ഷം ആയുധമാക്കും. സി.പി.എം സി.പി.ഐ തര്‍ക്കം സര്‍ക്കാരിനെ ബാധിച്ചു. ജനങ്ങളില്‍ നിന്നകന്ന സര്‍ക്കാരിന് നേട്ടങ്ങളൊന്നുമില്ല. കിഫ്ബി ഉണ്ടയില്ലാ വെടിയാണ്. കേരളത്തെ മദ്യാലയമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സമരങ്ങളോട് പിണറായി സര്‍ക്കാരിന് അസഹിഷ്ണുതയാണെന്നും ചെന്നിത്തല ആരോപിച്ചു.