തിരുവനന്തപുരം: കോടികളുടെ കള്ളപ്പണം കണ്ടെത്തിയ ശ്രീവത്സം ഗ്രൂപ്പിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന ആരോപണം സി.ബി.ഐയോ അല്ലെങ്കില്‍ സംസ്ഥാനത്തെ മറ്റ് ഏതെങ്കിലും ഏജന്‍സിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്നും ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാൻ യുഡിഎഫ് നേതാക്കൾ സഹായം ചെയ്തുവെന്നും കഴിഞ്ഞ ദിവസം സിപിഐ നേതാവ് ടി ജെ ആഞ്ചലോസ് ആരോപിച്ചിരുന്നു. ഇതിന് അന്യസംസ്ഥാനങ്ങളിൽ ബന്ധമുള്ള മുന്‍മന്ത്രിയും സഹായിച്ചുവെന്നും ഭൂമിയിടപാടുകള്‍ക്ക് മുന്‍മന്ത്രി ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അതിനായി സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. രാവിലെ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുമ്പ് ആദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയായിരുന്നു. ഹരിപ്പാട് മെഡിക്കല്‍ കോളേജിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ശ്രീവത്സം ഗ്രൂപ്പിന് ഒരു ബന്ധവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.