നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ആർജവമുണ്ടോയെന്നും ചെന്നിത്തല

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഡിജിപിയുടെ മകൾക്കെതിരെ പൊലീസ് ഡ്രൈവർ നൽകിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് ഇല്ലാതാക്കാനാണ്. നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ആർജവമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. 

അതേസമയം പൊലീസിലെ ദാസ്യപ്പണിയിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്നും പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകി.

എ ഡി ജി പി യുടെ മകൾക്ക് എതിരെ നടപടി എടുക്കാൻ പോലീസ് ഇതു വരെ തയാറായിട്ടില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം ഒരു സ്ത്രീയിൽ നിന്നു അടികൊണ്ട ഡ്രൈവർക്ക് എതിരെ സ്ത്രീ പീഡനത്തിന് കേസ് എടുക്കുകയും ചെയ്തുവെന്ന് മുരളീധരന്‍ സഭയില്‍ പറഞ്ഞു. നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.