തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സോളാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണം. ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്തി യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ശനിയാഴ്ച ചേരും. സോളാര്‍ കേസും അതില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യാനാണ് യോഗം. സോളാര്‍ റിപ്പോര്‍ട്ടിലെ നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ ഹൈക്കമാണ്ട് കൂടി ഇടപെട്ട സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളുടെ കൂടി അഭിപ്രായം കേട്ടശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് യോഗം ചേരുന്നത്.